LiveTV

Live

Kerala

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭാര്യ മേരി ചാണ്ടി 

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയുടെ കത്ത്.

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരനെ  സ്ഥാനാർത്ഥിയാക്കണമെന്ന് ഭാര്യ മേരി ചാണ്ടി 

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്നാവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്. തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാർത്ഥിയാക്കണമെന്നാ വശ്യപ്പെട്ട് ചാണ്ടിയുടെ ഭാര്യ മുഖ്യമന്ത്രിക്കും, എൻ.സി.പി നേതാക്കൾക്കും, സി.പി.എം സംസ്ഥാന സെക്രട്ടറിക്കും കത്തയച്ചു. പാര്‍ട്ടി പറയുന്ന തീരുമാനം അംഗീകരിക്കുമെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് മീഡിയവണിനോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് വരുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന ചർച്ച എൻ.സി.പിയിൽ സജീവമാണ്. ആരെ പരിഗണിച്ചാലും അത് ചാണ്ടിയുടെ കുടുംബത്തിന്റെ അഭിപ്രായം കൂടി മാനിച്ചുകൊണ്ടു മാത്രമേ മുന്നോട്ടു പോകൂ എന്ന് എൻ.സി.പി വ്യക്തമാക്കിയിരുന്നു. ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പൊതു വികാരമെങ്കിലും അവർ നിരാകരിച്ചിരുന്നു. ഈ അവസരത്തിൽ എൻ.സി.പി ജനറൽ സെക്രട്ടറി സലീം പി മാത്യുവിന്റെ പേരും ഉയർന്നു വന്നു.

ഇതേ തുടർന്നാണ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട് മേരി ചാണ്ടി, മുഖ്യമന്തിക്കും കോടിയേരിക്കും പീതാംബരൻ മാസ്റ്റർക്കും എ.കെ.ശശീന്ദ്രനും കത്തയച്ചത്. ബിസിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് താനും മക്കളും വിദേശത്തായിരിക്കും. ചാണ്ടിയുടെ പിൻഗാമിയാക്കാൻ ഏറ്റവും അനുയോജ്യൻ തോമസ് കെ തോമസാണ്‌. 2016 മുതൽ ചാണ്ടിയോടൊപ്പം കുട്ടനാട്ടിൽ തോമസ് കെ തോമസും സജീവമായി തന്നെ ഉണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും കുട്ടനാട്ടിൽ സ്വാധീനം ഉണ്ടെന്നും തോമസ് കെ തോമസ് മീഡിയവണിനോട് പറഞ്ഞു.

തോമസ് ചാണ്ടിയെ പോലെ സഹോദരൻ പൊതു സമ്മതനല്ല എന്നത് എൽ.ഡി.എഫിനെ കുഴപ്പിക്കാനാണ് സാധ്യത. അരൂർ തോൽവിയുടെ പശ്ചാത്തലത്തിൽ കുട്ടനാട് കൈവിടുക എന്നത് മുന്നണിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല. അതിനാൽ മേരി ചാണ്ടിയുടെ കത്തിന്മേൽ നീണ്ട ചർച്ചകൾ തന്നെ വേണ്ടിവരും.