LiveTV

Live

Kerala

പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്‍റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് 

ഓർഡിൻസ് പ്രാബല്യത്തിൽ വന്നാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസക്തി നഷ്ടമാകും.

പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്‍റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് 

പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കാൻ സര്‍ക്കാര്‍ ഓർഡിനൻസ് ഇറക്കും. ഇതിനായി റിസർവ് ബാങ്കിന്റെ അനുമതിയും തേടും. ഓർഡിനന്‍സ് പ്രാബല്യത്തിൽ വന്നാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസക്തി നഷ്ടമാകും.13 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാൻ തീരുമാനിച്ചപ്പോള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ട് നിന്നിരിന്നു. കേരള ബാങ്കിന് റിസർവ് ബാങ്ക് അന്തിമാനുമതി നൽകിയതോടെ ലയനത്തിൽ നിന്ന് വിട്ടുനിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭാവിയെപ്പറ്റി ആശങ്കയും ഉയര്‍ന്നു.

എന്നാല്‍ കേരള ബാങ്കുമായി സഹകരിക്കില്ലെന്ന മുന്‍നിലപാട് തന്നെയാണ് ഭരണസമിതി എടുത്തത്. കേരള ബാങ്കിൽ നിന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വിട്ട് നിന്ന തീരുമാനത്തിന് എതിരെ ബാങ്കിലെ ജീവനക്കാര്‍ തന്നെ രംഗത്ത് വന്നു. മലപ്പുറം ജില്ലാ സഹകരണബാങ്കിനേയും കേരള ബാങ്കിന്‍റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ സര്‍ക്കാരിന് നിവേദനം നല്‍കി.ഇത് കൂടി പരിഗണിച്ചാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് .

ഓര്‍ഡിനന്‍സ് പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങള്‍ കേരള ബാങ്കില്‍ ലയിക്കും. ഇതോടെ കേരള ബാങ്കിന്‍റെ ഭാഗമല്ലാത്ത മലപ്പുറം ജില്ലാസഹകരണ ബാങ്കിന്‍റെ പ്രസക്തി നഷ്ടമാകും. റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി തേടി മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരള ബാങ്കിന്‍റെ ഭാഗമല്ലാതിരിക്കുമ്പോള്‍ ജില്ലയിലെ ഒരു സഹകരണസംഘം മാത്രമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് പ്രവര്‍ത്തിക്കേണ്ടി വരും.