LiveTV

Live

Kerala

ഹൈക്കോടതി നിയോഗിച്ച ട്രൈബല്‍ മോണിറ്ററിങ് കമ്മറ്റി അട്ടപ്പാടി സന്ദര്‍ശിച്ചു

ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി മോണിറ്ററിങ് കമ്മറ്റിയെ നിയോഗിച്ചത്.

ഹൈക്കോടതി നിയോഗിച്ച ട്രൈബല്‍ മോണിറ്ററിങ് കമ്മറ്റി അട്ടപ്പാടി സന്ദര്‍ശിച്ചു

ഹൈക്കോടതി നിയോഗിച്ച ട്രൈബല്‍ മോണിറ്ററിങ് കമ്മറ്റി അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തി. ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി മോണിറ്ററിങ് കമ്മറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ഉടന്‍ കൈമാറും.

2013ല്‍ തുടര്‍ച്ചയായി ശിശുമരണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ട്രൈബല്‍ മോണിറ്ററിങ് കമ്മറ്റി രൂപീകരിച്ചത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങി എല്ലാ മേഖലകളെ കുറിച്ചും പഠനം നടത്തി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് കമ്മറ്റിയുടെ ചുമതല. കാവുണ്ടിക്കല്‍, നക്കുപ്പതി ഊരുകളും കോട്ടത്തറ ട്രൈബല്‍ സ്പെശാലിറ്റി ആശുപത്രിയും പുതൂര്‍ സ്കൂളിലും സംഘം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് അവലോകന യോഗവും ചേര്‍ന്നു.

എറണാകുളം ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ്, പത്തനംതിട്ട ജില്ലാ കലക്ടര്‍ നൂഹ് ബാവ തുടങ്ങിയവര്‍ അടങ്ങുന്നതാണ് കമ്മറ്റി. ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു. ആദിവാസികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച സംഘം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കും.