LiveTV

Live

Kerala

നാസര്‍ ഫൈസി കൂടത്തായിക്ക് സസ്പെന്‍ഷന്‍

സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തു.

നാസര്‍ ഫൈസി കൂടത്തായിക്ക് സസ്പെന്‍ഷന്‍

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടിയുള്ള ബി.ജെ.പിയുടെ ജനസമ്പർക്ക പരിപാടിയിൽ ലഘുലേഖ സ്വീകരിച്ച വിഷയത്തിൽ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരെ സംഘടനാ നടപടി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാൽ ഔദ്യോഗിക ഭാരവാഹി സ്ഥാനങ്ങളിൽ നിന്ന് നാസർ ഫൈസിയെ പുറത്താക്കിയതായി സമസ്ത അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി ബി.ജെ.പി സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയുടെ ലഘുലേഖ കൈപ്പറ്റുന്ന കാരാട്ട് റസാഖ് എം.എൽ.എ, ഇ.കെ വിഭാഗം സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന ജോയിൻ സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി, എ.പി വിഭാഗം സമസ്ത കോഴിക്കോട് ജില്ലാ നേതാവ് അബ്ദുറഹ്മാൻ ബാഖവി എന്നിവരുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വ്യാപക വിമർശനമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. ഈ സാഹചര്യത്തിലാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെ മുഴുവൻ ഔദ്യോഗിക ഭാരവാഹി സ്ഥാനങ്ങളിൽ നിന്നും നാസർ ഫൈസിയെ സസ്പെൻഡ് ചെയ്തതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അറിയിച്ചത്.

വിഷയത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി നാസർ ഫൈസി ഫേസ് ബുക്കിൽ കുറിച്ചിരുന്നു. ജനപ്രതിനിധിയെന്ന നിലക്ക് വീട്ടിലെത്തിയവരുമായി കാര്യങ്ങൾ ചർച്ച ചെയ്തെന്നും ലഘുലേഖ നൽകിയപ്പോൾ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് കാരാട്ട് റസാഖ് എം.എൽ.എയുടെ വിശദീകരണം. എന്നാൽ കാരാട്ട് റസാഖിനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

നാസര്‍ ഫൈസി കൂടത്തായിക്ക് സസ്പെന്‍ഷന്‍

ബി.ജെ.പി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. നാസർ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബി.ജെ.പി ഫേസ്ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ജാഗ്രത വേണമെന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനം.

പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി കാംപയിനിൽ നാസർ ഫൈസി കൂടത്തായി; നടപടി വേണമെന്ന് ആവശ്യം
Also Read

പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി കാംപയിനിൽ നാസർ ഫൈസി കൂടത്തായി; നടപടി വേണമെന്ന് ആവശ്യം

നാസർ ഫൈസിക്കെതിരെ പരസ്യ വിമർശനവുമായി കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ അടുപ്പിക്കാൻ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങൾ ഫേസ് ബുക്കിൽ കുറിച്ചു. പിന്നാലെ വിമർശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും രംഗത്തെത്തി. ഫാഷിസത്തിനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് നാമെല്ലാവരും എന്ന് ഓർമിപ്പിച്ച സത്താർ പന്തല്ലൂർ, ഇക്കാര്യത്തിൽ ആതിഥ്യ മര്യാദക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കി.