LiveTV

Live

Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരസഭയും സബ് കലക്ടറും തമ്മിൽ തർക്കം

ജനങ്ങളെ കാര്യങ്ങൾ അറിയിക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് സബ് കലക്ടർ മറുപടി നൽകി

 മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരസഭയും സബ് കലക്ടറും തമ്മിൽ തർക്കം

മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വീണ്ടും നഗരസഭയും സബ് കലക്ടറും തമ്മിൽ തർക്കം. നഗരസഭയെ ഒന്നും അറിയിക്കുന്നില്ലെന്നാണ് അധ്യക്ഷയുടെ പരാതി. ജനങ്ങളെ കാര്യങ്ങൾ അറിയിക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് സബ് കലക്ടർ മറുപടി നൽകി.

സ്ഫോടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി പരിസരവാസികൾക്ക് ബോധവൽക്കരണം നൽകുന്നതിനെ ചൊല്ലിയാണ് പുതിയ തർക്കം. മുന്നൊരുക്കങ്ങളെ കുറിച്ചോ സ്ഫോടനത്തിന്റെ സമയക്രമത്തെ കുറിച്ചോ ജനപ്രതിനിധികൾക്ക് വ്യക്തത നൽകാൻ പോലും സബ് കലക്ടർ തയാറാകുന്നില്ലെന്നാണ് നഗരസഭാധ്യക്ഷയുടെ ആരോപണം.

കാര്യങ്ങൾ ജനങ്ങളെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ജനപ്രതിനിധികൾക്ക് അശങ്കയുണ്ടെങ്കിൽ അതിനു മറുപടി നൽകാൻ തയാറാണെന്നു സബ് കലക്ടർ സ്നേഹിൽകുമാർ സിംഗ് പ്രതികരിച്ചു.

അതേസമയം ആൽഫാ സെറിൻ ഫ്ലാറ്റ് തകർക്കാനാവശ്യമായ സ്ഫോടകവസ്തുക്കൾ ഇന്ന് നിറച്ചു തുടങ്ങി. മുന്നൊരുക്കങ്ങൾക്കായി ഫയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥരും സ്ഫോടന സ്ഥലങ്ങൾ സന്ദർശിച്ചു. ആൽഫാ സെറിൻ ഫ്ളാറ്റ് ജനുവരി 11ന് 11. 05 ന് പൊളിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി വന്ന അറിയിപ്പ്. സ്ഫോടനത്തിന്റെ ആഘാതം കുറക്കുന്നതിന് വേണ്ടി ആൽഫാ ഫ്ലാറ്റിന് ചുറ്റും പത്തടി ആഴത്തിലുള്ള കിടങ്ങുകളുടെ നിർമ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.