ബി.ജെ.പി നേതാക്കള്‍ക്കൊപ്പം കാരാട്ട് റസാഖ് ; ചിത്രം വിവാദമായപ്പോള്‍ വിശദീകരണം ഇങ്ങനെ...
ഫോട്ടോ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച ഭിന്നിപ്പിന്റെ ശക്തികളുടെ നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു

ബി.ജെ.പിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി താന്‍ സഹകരിച്ചുവെന്ന രീതിയില്‍ പുറത്തു വന്ന ഫോട്ടോക്കെതിരെ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് രംഗത്ത്. പൌരത്വ നിയമത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം കാരാട്ട് റസാഖ് നില്‍ക്കുന്നതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് എം.എല്‍.എ വിശദീകരണവുമായി രംഗത്തെത്തിയത്.
ബി.ജെ.പിയുടെ മണ്ഡലം ഭാരവാഹികൾ തന്റെ വീട്ടിലെത്തി പൗരത്വ ബില്ലിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള ലഘുലേഖ നൽകുകയും ചെയ്തപ്പോൾ ഈ വിഷയത്തിൽ ബി.ജെ.പി.യുടെ അവകാശവാദം തീർത്തും തെറ്റാണെന്നും ബോധവൽക്കരണമല്ല മറിച്ച് നിയമം റദ്ദാക്കണമെന്നും അവരോട് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക മേഖലയിലുള്ള വ്യക്തികളും നേതാക്കളും എന്റെ വീട്ടിൽ സന്ദർശകരായി എത്തിച്ചേരാറുണ്ട് യോജിക്കുന്നതും വിയോജിക്കുന്നതുമായ പലവിഷയങ്ങളും ചർച്ച ചെയ്യാറുമുണ്ട്. ഇന്ന് കാലത്ത് ബി.ജെ.പിയുടെ മണ്ഡലം ഭാരവാഹികൾ എന്റെ വീട്ടിൽ വരികയും സമകാലിക ദേശീയ രാഷ്ടീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അതിൽ ദേശീയ പൗരത്വ രജിസ്ട്രേഷൻ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാവുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാർ തീർത്തും മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും കശ്മീരിന്റെ പ്രത്യേക പദവിയായ 370 വകുപ്പ് എടുത്തു മാറ്റിയതും, മുത്വലാഖ് ബിൽ നടപ്പിലാക്കിയതും മുസ്ലീം ന്യൂനപക്ഷങ്ങളെ മാത്രം ഉദ്ധേശിച്ചാണ്. പൗരത്വ ബില്ലിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള ലഘുലേഖ നൽകുകയും ചെയ്തപ്പോൾ ഈ വിഷയത്തിൽ ബി.ജെ.പി.യുടെ അവകാശവാദം തീർത്തും തെറ്റാണെന്നും ബോധവൽക്കരണമല്ല മറിച്ച് നിയമം റദ്ദാക്കണമെന്നും അവരോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
ഇന്ത്യയിൽ ബി.ജെ പി.ഒഴികെ എല്ലാ വിഭാഗം ജനങ്ങളും എതിർക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഫാഷിസ്റ്റ് ശക്തികൾക്ക് ശക്തി പകരുന്ന രീതിയിലുള്ള പ്രചാരണത്തിൽ നിന്നും നല്ലവരായ സുഹൃത്തുക്കൾ വിട്ടുനിൽ കണമെന്ന് അഭ്യർത്ഥിക്കുന്നു . ഫോട്ടോ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച ഭിന്നിപ്പിന്റെ ശക്തികളുടെ നീക്കത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.