പൊലീസ് എഴുതി നല്‍കുന്നത് വായിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്; പിണറായിക്കെതിരെ സി.പി.ഐ
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
മാവോയിസ്റ്റ് വേട്ട, യു.എ.പി.എ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് സി.പി.ഐ .കേരളത്തിൽ പൊലീസ് രാജുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥും യെദ്യൂരപ്പയും ചെയ്യുന്നത് പോലെ കേരളത്തിലെ ഇടത് സർക്കാർ ചെയ്യരുതെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.
ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെല്ലാം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന നിലപാട് ആവർത്തിക്കുകയാണ് സി.പി.ഐ . മാവോയിസ്റ്റ് വേട്ട നടത്തിയ പൊലീസുകാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട സി.പി. ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.
പന്തീരങ്കാവില്‍ അലനും താഹയ്കുമെതിരെ യു.എ.പി.എ ചുമത്തിട്ടാണ് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും .പിന്നീട് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സി.പി.എമ്മിനെ വിമര്‍ശിച്ച് കൊണ്ട് പ്രകാശ് ബാബു പറഞ്ഞു. ലഘുലേഖ കയ്യിൽ വച്ചുവെന്ന് കരുതി ആരെയും തടങ്കൽ പാളയത്തിൽ വയ്ക്കാൻ പാടില്ലെന്നും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും സർക്കാർ അത് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ജനപക്ഷത്ത് നിൽക്കുന്നുവെന്ന് തെളിയിക്കാനുള്ള ബാധ്യത ഇടത് സർക്കാരിനുണ്ടെന്നുമം പ്രകാശ് ബാബു പറഞ്ഞു. മാവോയിസ്റ്റ് വേട്ടക്കെതിരെ കേരള മനുഷ്യാവകാശ സമതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ് ബാബു.