ജീവനി പദ്ധതിക്ക് തുടക്കമായി; കാര്‍ഷിക രംഗത്ത് സമൂലമായ മാറ്റം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി
സ്വന്തം വീടുകളില്‍ നമ്മുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു

ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി തൃശ്ശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക രംഗത്ത് സമൂലമായ മാറ്റം ഉണ്ടാകണമെന്നും അതിനായി നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തം വീടുകളില്‍ നമ്മുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കുന്നതിനപ്പുറം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന സംസ്ഥാനമാകാന്‍ കേരളത്തിന് കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തൃശ്ശൂരില്‍ നടക്കുന്ന വൈഗ 2020ന്റെ വേദിയില്‍ വെച്ചാണ് ജീവനി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , വിവിധ വകുപ്പുകള്‍ , വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവുരമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയിലുടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ജൈവ രീതിയിലുള്ള ജീവനി പോഷകത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുകാനാണ് ഉദ്ദേശിക്കുന്നത്. 2021 ല്‍ പച്ചക്കറി ഉല്‍പ്പാദനം 16 മെട്രിക് ടെണ് ആയി ഉയര്‍ത്താനാകുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.