LiveTV

Live

Kerala

പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി കാംപയിനിൽ നാസർ ഫൈസി കൂടത്തായി; നടപടി വേണമെന്ന് ആവശ്യം

പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി കാംപയിനിൽ നാസർ ഫൈസി കൂടത്തായി; നടപടി വേണമെന്ന് ആവശ്യം

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബി.ജെ.പി നടത്തുന്ന ഗൃഹ സമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായി. ബി.ജെ.പി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം സംഘടനയിലുണ്ട്.

നാസർ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബി.ജെ.പി ഫേസ്ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും നാസർ ഫൈസി കൂടത്തായ് പ്രതികരിച്ചു.

സമസ്തയുടെ ഖതീബുമാരുടെ സംഘടനാ നേതാവും എസ്.വെെ.എസ് സംസ്ഥാന സെക്രട്ടറിയുമാണ് നാസർ ഫൈസി. വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെയും നാസർ ഫൈസിക്കെതിരെ സംഘടനയിൽ വിമർശനം ഉയർന്നിരുന്നു.

നാസർ ഫൈസിക്കെതിരെ പരസ്യ വിമർശനവുമായി കോഴിക്കോട് ഖാദിയും എസ്.വെെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ അടുപ്പിക്കാൻ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങൾ ഫേസ് ബുക്കിൽ കുറിച്ചു.

പിന്നാലെ വിമർശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും രംഗത്തെത്തി. ഫാഷിസത്തിനെ തിരായ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് നാമെല്ലാവരും എന്ന് ഓർമിപ്പിച്ച സത്താർ പന്തല്ലൂർ, ഇക്കാര്യത്തിൽ ആതിഥ്യമര്യാദക്ക് പ്രസക്തിയില്ലെന്ന് പറയുന്നു.

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅദനിയും നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. " ഫോട്ടോ ഭ്രമം മൂത്ത പ്രിയ മൗലവിമാരെ, ഡൽഹിയിലെ മുസ്‍ലിം സമുദായത്തിലുള്ളവരല്ലാത്ത ആ പെൺകുട്ടികളുടെ ആർജവം എങ്കിലും നിങ്ങളിൽ നിന്ന് പ്രതീക്ഷിച്ചു പോകുന്നു " എന്നാണ് മഅദനി ഫേസ്ബുക്കിൽ കുറിച്ചത്.