LiveTV

Live

Kerala

മസ്ജിദില്‍ വച്ചൊരു ഹിന്ദു കല്ല്യാണം; ഈ മാസം 19ന്

ഹിന്ദു യുവതിയുടെ കല്ല്യാണം നടത്തുന്നത് ജമാഅത്ത് കമ്മിറ്റി  

മസ്ജിദില്‍ വച്ചൊരു ഹിന്ദു കല്ല്യാണം; ഈ മാസം 19ന്

കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് പള്ളിയില്‍ ജനുവരി 19ന് അപൂര്‍വ്വമായൊരു കല്ല്യാണം നടക്കുകയാണ്. മതസൌഹാര്‍ദ്ദത്തിന് ഉത്തമമാതൃകയായി പള്ളി അങ്കണത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരം നിര്‍ദ്ദനയായ ഒരു യുവതിക്ക് മിന്നുകെട്ട്. മകളുടെ വിവാഹം നടത്താന്‍ സഹായം തേടുക മാത്രമാണ് ചേരാവള്ളി സ്വദേശി ബിന്ദു ചെയ്തത്. മതം നോക്കാതെ ആ ആവശ്യം പള്ളികമ്മറ്റി ഏറ്റെടുക്കുകയായിരുന്നു.

ചേരാവള്ളി അമൃതാഞ്ജനയില്‍ ബിന്ദുവിന്റെയും പരേതനായ അശോകന്‍റെയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍കിഴക്ക്, ശശിധരന്റെയും മിനിയുടെയും മകന്‍ ശരത്തും പള്ളി അങ്കണത്തില്‍ വച്ച് വിവാഹിതരാകും. സമയം രാവിലെ 11:30 നും 12:30നുമിടയില്‍. വിവാഹം ക്ഷണിച്ചു കൊണ്ട് പള്ളി കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടില്‍ തയ്യാറാക്കിയ ക്ഷണക്കത്ത് വൈറല്‍ ആയികഴിഞ്ഞു.

മസ്ജിദില്‍ വച്ചൊരു ഹിന്ദു കല്ല്യാണം; ഈ മാസം 19ന്

വാടക വീട്ടിലാണ് ബിന്ദുവും മൂന്നു മക്കളും താമസിക്കുന്നത്. ഭര്‍ത്താവ് അശോകന്‍ രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടു. അയല്‍ക്കാരനായ പള്ളി കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിനോടാണ് ബിന്ദു ആദ്യം സഹായം തേടിയത്. നുജുമദ്ദീന്‍ ഇത് പള്ളി കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോള്‍ അവരും പിന്തുണ അറിയിച്ചു.