LiveTV

Live

Kerala

കിണറ്റില്‍ വീണ പുള്ളിപ്പുലിയെ ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

മയക്കുവെടിവെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയെ കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത്

 കിണറ്റില്‍ വീണ പുള്ളിപ്പുലിയെ ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

വയനാട് വൈത്തിരിയിൽ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി.വൈത്തിരി വട്ടവയൽ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപുലി വീണ്ടത്. മയക്കുവെടിവെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയെ കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത്.

വട്ടവയലിലെ ജനവാസ മേഖലയിലെ കിണറ്റില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് അഞ്ചുവയസ്സു തോന്നിക്കുന്ന പുലി വീണത്. എന്നാല്‍ കാട്ടാന ഇറങ്ങിയാതാകമെന്ന സംശയത്തില്‍ വീട്ടുകാര്‍‍ പുറത്തിറങ്ങിയിരുന്നില്ല . രാവിലെയാണ് കിണറ്റിൽ പുലിയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഒൻപതു മണിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കിണറ്റില്‍ വല വിരിച്ച് പുലിയെ പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് വനം വകുപ്പ് സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമെത്തി മയക്കുവെടിവെച്ച ശേഷമാണ് ഒന്നര മണിക്കൂര്‍ രക്ഷാദൌത്യത്തിനൊടുവില്‍ പുലിയെ കരക്ക് കയറ്റാനായത്. കൂട്ടിലേക്ക് മാറ്റിയ പുലിക്ക് പരിക്കുകളില്ലെന്നും നിരീക്ഷണത്തില്‍ തുടരുമെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.