പ്രതിഷേധം തുടരുന്നു; കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന് എം.പി നയിക്കുന്ന ലോംഗ് മാര്‍ച്ച് ഗുരുവായൂരില്‍ നിന്നും ആരംഭിച്ചു
പൌരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. യു.ഡി.എഫ് എം.പിമാര്‍ നയിക്കുന്ന ലോംഗ് മാര്‍ച്ചുകള്‍ ആരംഭിച്ചു. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ച വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന് എം.പി നയിക്കുന്ന ലോംഗ് മാര്‍ച്ച് ഗുരുവായൂരില്‍ നിന്നും ആരംഭിച്ചു. രാജ്യത്ത് പൗരത്വത്തിന് മതം ആധാരമാക്കിയതാണ് നിലവിലെ പ്രശ്നമെന്ന് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. അമിത് ഷാ തലക്കുത്തി നിന്നാലും നിയമം നടപ്പിലാക്കാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
മലപ്പുറത്ത് ടി.വി ഇബ്രാഹിം എം.എൽ.എ നടത്തുന്ന ഉപവാസ സമരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതൽ കരിപ്പൂർ എയർപോർട്ട് കവാടത്തിലാണ് 12 മണിക്കൂർ ഉപവാസ സമരം. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്ക്കാരിക ബഹുജന കൂട്ടായ്മകളും വ്യാപാരികളും പങ്കെടുക്കുന്നുണ്ട്.
പൌരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. രണ്ട് കവാടങ്ങളും ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, സെക്രട്ടറി മുസ്തഫ പാലാഴി, സംസ്ഥാന സമിതി അംഗം സുബൈദ കക്കോടി അടക്കം 10 പേരെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരത്തില്‍ പ്രകടനം നടത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ താലൂക്ക് ജമാഅത്ത് യൂണിയൻ ഹെഡ് പോസ്റ്റഫീസിന് മുന്നിൽ നടത്തുന്ന രാപകൽ സമരം തുടരുകയാണ്. ഇന്ന് വൈകിട്ട് 5 മണിക്ക് സമരം അവസാനിക്കും.