LiveTV

Live

Kerala

ഫോട്ടോഗ്രാഫറുടെ ദുരൂഹ മരണം: അമ്മ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടങ്ങി

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്തുവിന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റ് മുറിഞ്ഞ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.

ഫോട്ടോഗ്രാഫറുടെ ദുരൂഹ മരണം: അമ്മ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടങ്ങി

തിരുവനന്തപുരം മലയിന്‍കീഴില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫോട്ടോഗ്രാഫര്‍ അനന്തു ഭദ്രന്‍റെ മാതാവ് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം ആരംഭിച്ചു. പുനരന്വേഷണത്തിലും സംഭവത്തിന്‍റെ ചുരുളഴിയാത്ത സാഹചര്യത്തിലാണ് ഉപവാസം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്തുവിന്‍റെ ശരീരത്തില്‍ മര്‍ദനമേറ്റ് മുറിഞ്ഞ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.

കഴി‍ഞ്ഞ ഫെബ്രുവരി 2നാണ് അനന്തു ഭദ്രനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ദനമേറ്റ നിരവധി പാടുകള്‍ അനന്തുവിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ജനനേന്ദ്രിയം വരെ തകര്‍ന്ന നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇവയെല്ലാം രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി ഉള്ള മരണമാണെന്ന് കാണിച്ചതിനാല്‍ പൊലീസ് ആത്മഹത്യയെന്ന നിലയ്ക്ക് കേസവസാനിപ്പിച്ചു.

ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം പുനരന്വേഷണം നടത്തിയെങ്കിലും പുതുതായി ഒന്നും കണ്ടെത്തിയില്ല . ഈ സാഹചര്യത്തിലാണ് മാതാവ് അനിത സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. സംഭവ ദിവസം അനന്തുവിന്‍റെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ വഴക്കിടുന്ന ശബ്ദം കേട്ടിരുന്നതായി സമീപവാസികളുടെ മൊഴിയുണ്ട്. അനന്തു മാത്രമാണ് അന്ന് വീട്ടിലുണ്ടായിരുന്നത്.