നോക്കുകൂലി: യുവാവിനെ ക്രൂരമായി മര്‍ദിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
തിരുവനന്തപുരം പാറശാലയില്‍ നോക്കുകൂലി നല്‍കാത്തതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാരാളി ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ സെന്തില്‍ രാജെന്ന യുവാവിനെ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെയായിരുന്നു അക്രമം. പരിക്കേറ്റ സെന്തില്‍ രാജ് ചക്ക തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുന്ന ആളാണ്. ഇതിനായി പ്രതികള്‍ നോക്കുകൂലി ചോദിച്ചെന്നും നല്‍കാത്തതിന്റെ പേരില്‍ പുതുവത്സാരാഘോഷങ്ങള്ക്കിടെ സെന്തിലിനെ മദ്യ ലഹരിയില്‍ ആക്രമിച്ചെന്നുമാണ് കേസ്. സെന്തിലിനെ ഓട്ടോ കൊണ്ട് ഇടിച്ച് വീഴ്ത്തുകയും ചെയ്തു. അറസ്റ്റിലായ പ്രദീപ് സി.പി.എം കാരാളി ബ്രാഞ്ച് സെക്രട്ടറി ആണ്. കേസിലെ മറ്റ് പ്രതികളായ ബിപിന്‍, ഷിജിത്ത് എന്നിവരും സി.പി.എം പ്രവര്‍ത്തകരാണ്.
ബിപിനും ഷിജിത്തിനുമായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പരിക്കേറ്റ സെന്തില്‍ രാജിന്റെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടയെല്ലില്‍ രണ്ട് പൊട്ടലുകളുണ്ട്. സെന്തിലും സി.പി.എം പ്രവര്‍ത്തകനാണ്. 35ഓളം പേര് സംഘത്തിലുണ്ടായിരുന്നെന്ന് സെന്തിലിന്റെ മാതാവ് പറഞ്ഞു. അതേസമയം പ്രദീപ് സംഭവം നടന്നപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.