ഗവര്‍ണര്‍ക്കെതിരെ ഭരണ പ്രതിപക്ഷ നേതാക്കള്‍; രാജിവെച്ച് പുറത്ത് പോയില്ലെങ്കിൽ തെരുവിലിറങ്ങാന്‍ കഴിയില്ലെന്ന് കെ മുരളീധരന്
ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാകാത്ത ഗവര്‍ണറോട് താങ്കള്‍ താങ്കളുടെ ജോലി ചെയ്താല്‍ മതിയെന്ന് പറയാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണമെന്നും മുരളീധരന്
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ നേതാക്കള്‍. രാജിവെച്ച് പുറത്ത് പോയില്ലെങ്കിൽ ഗവര്‍ണര്‍ക്ക് തെരുവിലിറങ്ങാന്‍ കഴിയില്ലെന്ന് കെ മുരളീധരന് എം.പി പറഞ്ഞു.
ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാകാത്ത ഗവര്‍ണറോട് താങ്കള്‍ താങ്കളുടെ ജോലി ചെയ്താല്‍ മതിയെന്ന് പറയാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. ഗവര്‍ണര്‍ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വഴിയിലിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും മുരളീധരന് പറഞ്ഞു.
ഗവർണർ ബി.ജെ.പിയുടെ അക്രഡിറ്റഡ് ഏജന്റാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിമര്‍ശിച്ചു. പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള അവകാശം നിയമസഭക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉന്നതമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ പാലിക്കുന്ന മിതത്വവും ഔചിത്യവുമാണ് അവരെ ബഹുമാനാര്ഹരാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമപരമായോ ഭരണഘടനാപരമായോ സാധുതയില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ചരിത്ര കോൺഗ്രസിൻറെ ഉപദേശ പ്രകാരമാകും പ്രമേയം പാസാക്കിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു. രാഷ്ട്രീയമായ പദവിയല്ല ഗവര്‍ണര്‍ സ്ഥാനമെന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു.