ദ ടെലഗ്രാഫ് പത്രത്തിന്റെ തലക്കെട്ടില്‍ ഇടംനേടി കൊച്ചിയിലെ വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധം
ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ തന്നെ മരിക്കും എന്നാണ് പ്രതിഷേധ സമ്മേളനത്തിന്റെ ആകാശ ചിത്രം പങ്കുവെച്ച് ദ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദ ടെലഗ്രാഫ് പത്രത്തിന്റെ തലക്കെട്ടില്‍ ഇടംനേടി പൗരത്വ ഭേഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയും സമ്മേളനവും. ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ തന്നെ മരിക്കും എന്നാണ് പ്രതിഷേധ സമ്മേളനത്തിന്റെ ആകാശ ചിത്രം സഹിതം ദ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമാധാനപരവും ശക്തവും എന്ന തലക്കെട്ടില്‍ പ്രതിഷേധ റാലിയുടെ റിപ്പോര്‍ട്ടും ഒന്നാം പേജില്‍ ഇടം നേടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നലെ കൊച്ചിയില്‍ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത ആശയധാരയിലുള്ള മുസ്ലിം സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍ ഒരുമിച്ചിരിക്കുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമായിരുന്നു. പ്രതിഷേധ റാലിയോടെയാണ് പരിപാടി ആരംഭിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരിനെയും സംഘ്പരിവാറിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ട് ദ ടെലഗ്രാഫ് പത്രം. കൗതുകകരമായ തലക്കെട്ടുകളിലൂടെയാണ് പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടുക. ചെറിയ വാക്കുകളില്‍ പലതും പറയാതെ പറയുന്നതാണ് ടെലഗ്രാഫ് ശൈലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പല പ്രമുഖ ദേശീയ പത്രങ്ങളും അവഗണിക്കുമ്പോഴാണ് കുറിക്കുകൊള്ളുന്ന തലക്കെട്ടും ചിത്രവുമായി ടെലഗ്രാഫ് പത്രം വേറിട്ട് നില്‍ക്കുന്നത്.