കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയില്‍ പൊട്ടിത്തെറി
ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. വി ജേക്കബ് ഇന്നലെ രാജിവെച്ചു
എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയില്‍ പൊട്ടിത്തെറി. ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. വി ജേക്കബ് ഇന്നലെ രാജിവെച്ചു. നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് കെ.വി ജേക്കബ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
മാസങ്ങളായി എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ട്വന്റി ട്വന്റി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് ഇന്നലെ രാജിവെച്ചത്. പഞ്ചായത്തിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഭരണസമിതി അംഗങ്ങള്‍ തന്നെ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തെത്തി. നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് കെ.വി ജേക്കബ് രാജിവെച്ചത്.
കിഴക്കമ്പലം പഞ്ചായത്തില്‍ ആകെയുള്ള പത്തൊന്‍പത് സീറ്റില്‍ പതിനേഴിലും ട്വന്റി ട്വന്റി സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. അതേസമയം അഴിമതിക്ക് കൂട്ട് നില്ക്കാന് സാധിക്കാത്തതിനാലാണ് രാജിവെച്ചതെന്നാണ് ജേക്കബിന്റെ നിലപാട്. എന്നാല്‍ ജേക്കബ് അഴിമതി നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജി ആവശ്യപ്പെട്ടിരുന്നു എന്നാണ് ട്വന്റി ട്വന്റി നേതൃത്വം വ്യക്തമാക്കുന്നത്