LiveTV

Live

Kerala

എസ്.എൻ.ഡി.പിക്ക് പിന്നാലെ ബി.ഡി.ജെ.എസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാൻ നീക്കം

സാമ്പത്തിക ക്രമക്കേടുകളിൽ 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കാൻ ആലപ്പുഴയിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.

എസ്.എൻ.ഡി.പിക്ക് പിന്നാലെ ബി.ഡി.ജെ.എസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാൻ നീക്കം

എസ്.എൻ.ഡി.പിക്ക് പിന്നാലെ ബി.ഡി.ജെ.എസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാൻ നീക്കം. സാമ്പത്തിക ക്രമക്കേടുകളിൽ 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കാൻ ആലപ്പുഴയിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. തന്നെ വിദേശത്ത് ചെക്ക് കേസിൽ പ്രതിയാക്കിയതിൽ സുഭാഷ് വാസുവിന് പങ്കുണ്ടോയെന്ന് പഠിക്കണമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മാവേലിക്കര വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളേജിന്റെ പേരിൽ 22 കോടി രൂപയാണ് സുഭാഷ് വാസു ബാങ്കിൽ നിന്ന് ലോൺ എടുത്തത്. ഈ തുക കൊണ്ട് പത്തനംതിട്ടയിലും മറ്റും സ്വന്തം പേരിൽ ഭൂമി വാങ്ങിയതല്ലാതെ കോളജിന് വേണ്ടി ചിലവഴിച്ചില്ല. ഇതിന് പുറമെയാണ് മൈക്രോ ഫിനാൻസിലെയും എസ്.എൻ.ഡി.പി യൂണിയനിലെയും സാമ്പത്തിക ക്രമക്കേടുകൾ. സുഭാഷ് വാസു പങ്കെടുക്കാത്ത കൗൺസിൽ യോഗം ഏകകണ്ഠമായി നടപടി ആവശ്യപ്പെട്ടു.

സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നടക്കം സുഭാഷ് വാസുവിനെ മാറ്റാനാണ് കൗൺസിൽ തീരുമാനം. എസ്.എൻ.ഡി.പിയിലെ വിമത നീക്കത്തിന് പിന്നിൽ ബി.ജെ.പിയുള്ളതായി സംശയിക്കുന്നില്ലെന്നും തുഷാർ വ്യക്തമാക്കി. അതെസമയം സ്‌പൈസസ് ബോർഡിൽ നിന്ന് താൻ രാജിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും 15ന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും സുഭാഷ് വാസു പറഞ്ഞു.