LiveTV

Live

Kerala

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും

47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

 ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും

പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ലോക കേരള സഭ പരാജയമാണെന്നാരോപിച്ച് യു.ഡി.എഫ് സമ്മേളന നടപടികൾ ബഹിഷ്ക്കരിക്കും.

കേരളത്തിൻറെയും പ്രവാസി മലയാളികളുടേയും പുരോഗതി ലക്ഷ്യമിട്ട് രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനാണ് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകുന്നത്. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ് അമേരിക്കയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുളള വ്യത്യസ്ത മേഖലകളിൽ പ്രഗത്ഭരായ മലയാളികളെ പ്രത്യേക ക്ഷണിതാക്കളായും നിശ്ചയിച്ചിട്ടുണ്ട്. വൈകീട്ട് നിശാഗന്ധിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉത്ഘാടനം ചെയ്യും.

സഭയുടെ പരിഗണനക്ക് വിധേയമാകുന്ന നയരേഖ നാളെ മുഖ്യമന്ത്രി അവതരിപ്പിക്കും. നവ കേരള നിർമ്മാണത്തിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ചായിരിക്കും സമ്മേളനത്തിലെ പ്രധാന ചർച്ച. ലോക കേരള സഭ ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബിൽ ജനുവരി രണ്ടിന് സമ്മേളനത്തിൽ ചർച്ച ചെയ്യും.

അതേസമയം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴേക്കും ലോക കേരള സഭയ്ക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം സമ്മേളനം ബഹിഷ്ക്കരിക്കും. ലോക കേരള സഭക്കുളള സ്ഥിരം വേദിയായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ച് പുതുക്കിപ്പണിതതിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.