LiveTV

Live

Kerala

ഗതാഗത നിയമ ലംഘനം: 2019-ല്‍ കോഴിക്കോട് ജില്ലയില്‍ ലൈസന്‍സ് നഷ്ടമായത് 1522 പേര്‍ക്ക്

മദ്യപിച്ച് വാഹനമോടിച്ചതിന് 424 പേരുടെ ലൈസന്‍സ് റദ്ദാക്കി.

ഗതാഗത നിയമ ലംഘനം: 2019-ല്‍ കോഴിക്കോട് ജില്ലയില്‍ ലൈസന്‍സ് നഷ്ടമായത് 1522 പേര്‍ക്ക്

ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 2019-ല്‍ 1522 പേരുടെ ലൈസന്‍സ് റദ്ദാക്കി. കോഴിക്കോട് ,കൊടുവള്ളി, നന്‍മണ്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ടോഫീസുകളുടെ പരിധിയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 424 പേരുടെ ലൈസന്‍സ് റദ്ദാക്കിയത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 211 പേരുടെയും അശ്രദ്ധമായി വാഹനം ഓടിക്കുകയും അപകടം വരുത്തുകയും ചെയ്ത 887 പേരുടെയും ലൈസന്‍സുകള്‍ റദ്ദാക്കി.

ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ച 3259 പേര്‍ക്കെതിരെ നടപടിയെടുത്തു. മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയില്‍ വാഹനം ഓടിച്ച 230 പേരില്‍ നിന്നും പിഴ ഈടാക്കി. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയില്‍ ഫാന്‍സി ലൈറ്റുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയ 182 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.

അമിതഭാരം കയറ്റിപ്പോയ 270 ചരക്കുവാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കി. ടൂറിസ്റ്റ് ബസ്സുകളില്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം അഴിപ്പിക്കുകയും ബസ്സുകളിലേയും കോണ്‍ട്രാക്ട് കാര്യേജുകളിലേയും ബോഡിയില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുളള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സര്‍വ്വീസ് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഈ വര്‍ഷവും കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു അറിയിച്ചു.