LiveTV

Live

Kerala

കണ്ണൂരിലെ ആശ്രമത്തില്‍ ഭക്ഷ്യവിഷബാധ: ഒരാൾ മരിച്ചു

മാനസിക വെല്ലുവിളികൾ നേരിടുന്നവരെ താമസിപ്പിക്കുന്ന ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസിയാണ് മരിച്ചത്.

കണ്ണൂരിലെ ആശ്രമത്തില്‍ ഭക്ഷ്യവിഷബാധ: ഒരാൾ മരിച്ചു

കണ്ണൂർ ഒടുവള്ളിത്തട്ടിൽ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്നവരെ താമസിപ്പിക്കുന്ന ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസിയാണ് മരിച്ചത്. ഇരുപതോളം അന്തേവാസികൾ ആശുപത്രിയിലാണ്.

ഒടുവള്ളിതട്ട് ചുണ്ടക്കുന്നിലെ ദിവ്യകാരുണ്യ ആശ്രമത്തിൽ പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശ്രമത്തിലെ അന്തേവാസിയായ ആന്ധ്ര സ്വദേശി ഗുണ്ടുറാവുവാണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.

നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ ഞായറാഴ്ച നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ നിന്നാണ് ദിവ്യകാരുണ്യ ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നായിരുന്നു നെയ് ചോറും ചിക്കൻ കറിയും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.

23 അന്തേവാസികളാണ് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതിൽ ഒരാളൊഴികെ എല്ലാവർക്കും ഭക്ഷ്യ വിഷബാധയേറ്റു. ഗുരുതരാവസ്ഥയിലായ ഒരാളെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും മറ്റൊരാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത ചിലരും ആശുപത്രിയിൽ ചികിത്സ തേടി.