LiveTV

Live

Kerala

മലയാള സിനിമയിലെ സ്ത്രീവിവേചനം, അപ്രഖ്യാപിത വിലക്ക്, ലോബി.. ജസ്റ്റിസ് ഹേമ കമ്മിഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ.. 

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമ്മാണം വേണമെന്നും റിപ്പോർട്ടിലുണ്ട്.

മലയാള സിനിമയിലെ സ്ത്രീവിവേചനം, അപ്രഖ്യാപിത വിലക്ക്, ലോബി.. ജസ്റ്റിസ് ഹേമ കമ്മിഷന്റെ കണ്ടെത്തലുകള്‍ ഇങ്ങനെ.. 

സിനിമയിൽ അവസരം ലഭിക്കാൻ കിടപ്പറ പങ്കിടണമെന്ന ആവശ്യം ചിലർ ഉന്നയിക്കാറുണ്ടെന്ന് ഏതാനും നടിമാര്‍ വെളിപ്പെടുത്തിയതായി ജസ്റ്റിസ് ഹേമ കമ്മിഷൻ. മലയാള സിനിമാ രംഗത്ത് അഭിനേതാക്കളെ നിശ്ചയിക്കും വിധം ശക്തമായ ലോബിയുണ്ടെന്നും അപ്രഖ്യാപിത വിലക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമ്മാണം വേണമെന്നും റിപ്പോർട്ടിലുണ്ട്.

300 പേജുളള റിപ്പോർട്ടിനൊപ്പം നിരവധി സംഭാഷണങ്ങളും ദൃശ്യങ്ങളും വാട്സ് അപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് ചിലർ നിർബന്ധിച്ചതായി ഏതാനും നടിമാർ മൊഴി നൽകിയെന്ന് റിപ്പോർട്ടിലുണ്ട്. നല്ല സ്വഭാവമുള്ള നിരവധി പുരുഷന്മാർ ഈ രംഗത്തുണ്ടെന്നും നടിമാർ മൊഴി നൽകി. ആര് അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്നു നിശ്ചയിക്കാൻ പ്രാപ്തിയുള്ള ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ അപ്രഖ്യാപിത വിലക്കുണ്ട്. പ്രമുഖ നടീ നടന്മാരില്‍ ചിലർക്ക് ഇപ്പോഴും വിലക്കുണ്ട്.

സിനിമാരംഗത്ത് ലഹരി മരുന്ന് ഉപയോഗമുണ്ട്. ഇവയൊക്കെ തടയാൻ ശക്തമായ നിയമവും നടപടിയും വേണം. ഇതിന് ട്രൈബ്യൂണൽ രൂപീകരിക്കണമെന്നാണ് കമ്മിഷന്റെ പ്രധാന ശിപാർശ. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമാരംഗത്ത് നിന്നും മാറ്റി നിർത്തണം. ഇതിനുള്ള അധികാരം ട്രൈബ്യൂണലിന് നൽകണമെന്നും ശിപാർശയിലുണ്ട്. പ്രമുഖ നടി ശാരദയും കെ.ബി വത്സല കുമാരിയുമായിരുന്നു കമ്മിഷനിലെ മറ്റംഗങ്ങൾ. ഡബ്ല്യു.സി.സിയുടെ ആവശ്യപ്രകാരമാണ് സർക്കാർ കമ്മിഷനെ നിയോഗിച്ചത്.