LiveTV

Live

Kerala

പ്ലാസ്റ്റിക് നിരോധനം; മൂന്നാറില്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കും

കൂടുതല്‍ പ്ലാസ്റ്റിക് കൈവശം വയ്ക്കുന്ന വിനോദസഞ്ചാരികളില്‍ നിന്ന് തുക ഈടാക്കും

പ്ലാസ്റ്റിക് നിരോധനം; മൂന്നാറില്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കും

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച് പൂർണമായും പ്ലാസ്റ്റിക് നിരോധനം നടപ്പാക്കും. ഇതിനായി മൂന്നാർ പഞ്ചായത്തും ഹരിതകേരള മിഷനും ചേർന്ന് പദ്ധതി തയ്യാറാക്കും.

സർക്കാർ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നതിനാണ് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ വിപുലമായ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നത്. 30ന് മൂന്നാറില്‍ ആദ്യ ചെക് പോസ്റ്റ് സ്ഥാപിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൈക്ക് അനൌണ്‍സ്മെന്‍റിലൂടെ അറിയിപ്പ് നല്‍കി വരികയാണ്.

ജനുവരി ഒന്നു മുതല്‍ കുടിവെള്ളത്തിനായി അരലിറ്റർ കുപ്പി മാത്രമാകും മൂന്നാറില്‍ അനുവദിക്കുക. കൂടുതല്‍ പ്ലാസ്റ്റിക് കൈവശം വയ്ക്കുന്ന വിനോദസഞ്ചാരികളില്‍ നിന്ന് തുക ഈടാക്കുന്നതിനൊപ്പം പകരം സംവിധാനങ്ങള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

മൂന്നാറിന്‍റെ മൂന്ന് അതിർത്തികളിലാകും പ്ലാസ്റ്റിക് നിരോധനത്തിനായി ചെക് പോസ്റ്റുകള്‍ സ്ഥാപിക്കുക. മൂന്നാർ ടൌണിലെ ഡമ്പിംഗ് യാർഡില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനും നിരോധനം ഏർപ്പെടുത്തും. പകരം മൂന്നാർ പഞ്ചായത്തിന്റെ വാഹനങ്ങള്‍ ദിവസം മൂന്നു നേരം വ്യാപാര സ്ഥാപനങ്ങളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും.

വിവിധ സംഘടനകളുടെയും വ്യാപാരിവ്യവസായികളുടെയും യോഗം വിളിച്ചുചേർത്താണ് പ്ലാസ്റ്റിക് രഹിത മൂന്നാർ പദ്ധതിക്ക് രൂപം നല്‍കിയത്.