LiveTV

Live

Kerala

അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാനൊരുങ്ങി സര്‍ക്കാര്‍

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്നാണ് സൂചന.

 അടിയന്തര നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാനൊരുങ്ങി സര്‍ക്കാര്‍

നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കാൻ സർക്കാർ തീരുമാനം. പട്ടിക ജാതി സംവരണത്തിന്റെ കാലാവധി നീട്ടുന്ന നിയമം പാസാക്കുന്നതിനാണ് അടിയന്തര സമ്മേളനം ചേരുന്നത്.

പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണം 10 വർഷത്തേക്ക്
ദീർഘിപ്പിച്ച് കേന്ദ്രസർക്കാര്‍ കഴിഞ്ഞ നവംബറിൽ നിയമം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന നിയമസഭകളും നിയമം പാസാക്കണം. ഇതിനാണ് അടിയന്തര നിയമസഭ സമ്മേളനം.

ജനുവരി പത്തിന് മുമ്പ് നിയമം പാസാക്കണമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശം. അതിനാല്‍ ജനുവരി ആദ്യവാരം തന്നെ നിയമസഭ ചേര്‍ന്നേക്കും. പൗരത്വ നിയമഭേദഗതിയെത്തുടര്‍ന്ന് ഉടലെടുത്ത രാഷ്ട്രീയ സ്ഥിതി വിശേഷങ്ങളും നിയമസഭാ സമ്മേളനത്തിൽ ചർച്ചയാകും.

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചക്ക് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ അന്തിമതീരുമാനമെടുത്ത ശേഷം ഗവര്‍ണര്‍ക്ക് ശിപാര്‍ശ കൈമാറും.