LiveTV

Live

Kerala

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം

അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരെ മരിച്ച അഫീലിന്റെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി 

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം

പാലായില്‍ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും മാതാപിതാക്കളുടെ മൊഴിയെടുക്കും. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതും ചികിത്സാപിഴവിനെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്.പിക്ക് മരിച്ച അഫീലിന്റെ മാതാപിതാക്കള്‍ പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴിയെടുക്കല്‍. അതേസമയം അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാനും അഫീലിന്റെ കുടുംബം ആലോചിക്കുന്നുണ്ട്.

സംഭവം നടന്ന് 66 ദിവസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും അന്വേഷണത്തില്‍ ഉണ്ടായില്ല. ഇതാണ് വീണ്ടും പരാതി നല്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. സംഘാടകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നേരത്തെ വിട്ടയച്ചിരുന്നു. അതിനപ്പുറത്തേക്ക് ഒരന്വേഷണവും നടന്നിട്ടില്ലെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നത്. കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് ഉണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടിയെ സമീപിക്കാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ ഏകോപനമില്ലായ്മ ഓപ്പറേഷന്‍ അടക്കം വൈകിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നത്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടും ചികിത്സ വൈകി. പിന്നീട് സര്‍ജറി വിഭാഗത്തിന്റ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ അടക്കം നടന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കോട്ടയം എസ്.പി പാലാ ഡി.വൈ.എസ്.പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു
Also Read

ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു

പാലായില്‍ നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഒക്ടോബര്‍ 4നാണ് അഫീലിന് പരിക്കേറ്റത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ. സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിന് ശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമർ ത്രോ പിറ്റിൽ നിന്നുള്ള ഹാമര്‍ തലയില്‍ വന്നു വീണത്. ഒക്ടോബര്‍ 21നാണ് അഫീല്‍ മരണത്തിന് കീഴടങ്ങിയത്.