LiveTV

Live

Kerala

ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ദേവാലയങ്ങള്‍

പ്രാർത്ഥനാഭരിതമായ മനസുമായി നൂറു കണക്കിന് വിശ്വസികൾ പള്ളികളിൽ തിങ്ങി നിറഞ്ഞു.

 ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിച്ച് ദേവാലയങ്ങള്‍

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ച് തിരുവനന്തപുരത്തെ ദേവാലയങ്ങളിലും പാതിരാ കുര്‍ബാനകള്‍ നടന്നു. പ്രാർത്ഥനാഭരിതമായ മനസുമായി നൂറു കണക്കിന് വിശ്വസികൾ പള്ളികളിൽ തിങ്ങി നിറഞ്ഞു. പട്ടം സെന്റ്.മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയും പാളയം സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ആര്‍ച്ച് ബിഷപ്പ് ഡോക്ടർ എം. സൂസപാക്യവും കാര്‍മികത്വം വഹിച്ചു.

ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂർത്തത്തിന് സാക്ഷികളാകാൻ നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയങ്ങളിൽ ഒരുമിച്ചു കൂടിയത്. ബെത്ലഹേമിൽ ഉണ്ണിയേശു പിറന്നതിന്റെ സ്മരണ പുതുക്കിയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നുമാണ് പ്രത്യേക ശുശ്രൂഷയും കുര്‍ബാനയും അടക്കമുള്ള ചടങ്ങുകള്‍ നടന്നത്. പട്ടം സെന്റ്.മേരീസ് കത്തീഡ്രലിൽ നടന്ന പാതിരാ കുര്‍ബാനക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. തീ ഉഴിച്ചിലും കുരിശേന്തിയുള്ള പ്രദക്ഷിണത്തിലും നിരവധി വിശ്വാസികൾ അണിനിരന്നു.

11.30 ഓടെയാണ് പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ ചടങ്ങുകൾ ആരംഭിച്ചത്. അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം തിരുകര്‍മങ്ങൾക്ക് നേതൃത്വം നല്‍കി.