LiveTV

Live

Kerala

ഒന്നിനു പുറകേ ഒന്നൊന്നായി പ്രതിഷേധം; തടയാന്‍ പണിപ്പെട്ട് പൊലീസ്

ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെ വലച്ച് പ്രതിഷേധക്കാര്‍

ഒന്നിനു പുറകേ ഒന്നൊന്നായി പ്രതിഷേധം; തടയാന്‍ പണിപ്പെട്ട് പൊലീസ്

പൌരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി നടത്തിയ ഹര്‍ത്താല്‍ കര്‍ശനമായി നേരിടാനായിരുന്നു കോഴിക്കോട് സിറ്റി പോലീസിന്‍റെ തീരുമാനം. നേരം വെളുക്കും മുമ്പേ ക്യാമ്പില്‍ നിന്നുള്ള പൊലീസിനെയടക്കം ഇറക്കി മൊഫ്യൂസില്‍ ബസ് സ്റ്റാന്‍റിലും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലും കനത്ത ബന്തവസ്സ് തീര്‍ത്തു. പോലീസ് വാഹനങ്ങള്‍ കൂടാതെ വാടകക്ക് ട്രാവലറുകള്‍ കൂടി എത്തിച്ചായിരുന്നു പോലീസ് വിന്യാസം. പ്രകടനം നടത്താനെത്തിയ ഹര്‍ത്താലനുകൂലികളെ വഴിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. ഒടുവില്‍ ഏറെ കഴിഞ്ഞാണ് സ്റ്റേഡിയം പരിസരത്ത് വെച്ച് പ്രകടനം തുടങ്ങിയത്.

ഗ്രോ വാസു അടക്കമുള്ള നേതാക്കളും പ്രകടനത്തിലുണ്ടായിരുന്നു. പത്തടി നീങ്ങുമ്പോഴേക്കും പാഞ്ഞെത്തിയ പോലീസ് പ്രകടനക്കാരെ വലിച്ച് വണ്ടിയിലിട്ടു. പിന്നെ പ്രതിഷേധം പോലീസ് വാനിലുള്ളിലേക്ക് വ്യാപിച്ചു. സംശയം തോന്നിയവരെയൊക്കെ പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് പരിസരത്തെ തുറന്ന് പ്രവര്‍ത്തിച്ച സാഗര്‍ ഹോട്ടലിനു മുന്നിലും ഫ്രട്ടേണിറ്റിക്കാര്‍ പ്രതിഷേധം നടത്തി. തൊട്ടു പിന്നാലെ പോലീസ് സംഘം കാവല്‍ നിന്നിരുന്ന ആര്യഭവന്‍ ഹോട്ടലിന്‍റെ ഉള്ളിലും പ്രതിഷേധക്കാര്‍ എത്തി. കൂടുതല്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. ഇതോടെ നഗരത്തിലെ മറ്റു ഭാഗത്തുണ്ടായിരുന്ന പോലീസിനെക്കൂടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റ് പരിസരത്തേക്ക് കൊണ്ട് വന്ന് സുരക്ഷ ഭദ്രമാക്കി.

കൈക്കുഞ്ഞുങ്ങളുമായെത്തിയ വനിതകള്‍ മുദ്രാ വാക്യം വിളിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞതോടെ പോലീസ് ഓടിയെത്തി. വനിതാ പോലീസെത്താത്തതിനാല്‍ കുറച്ചു നേരം പ്രതിഷേധം നോക്കി നില്‍ക്കാനേ പൊലീസിനു കഴിഞ്ഞുള്ളൂ. പിന്നെ വനിതാ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ വണ്ടിയില്‍കയറ്റിയത്. ഇതിനിടെ പൊലീസും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ ശ്രമിച്ചതോടെയായിരുന്നു പ്രശ്നം.

ഒന്നിനു പുറകേ ഒന്നൊന്നായി പ്രതിഷേധം; തടയാന്‍ പണിപ്പെട്ട് പൊലീസ്