LiveTV

Live

Kerala

തെക്കൻ കേരളത്തിൽ ഹര്‍ത്താല്‍ ഭാഗികം; കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്

മിക്ക ജില്ലകളിലും കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നെങ്കിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി

തെക്കൻ കേരളത്തിൽ ഹര്‍ത്താല്‍ ഭാഗികം; കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്

സംയുക്ത സമിതി സംസ്ഥാനത്ത് നടത്തിയ ഹർത്താല്‍ തെക്കൻ കേരളത്തിൽ ഭാഗികം. മിക്ക ജില്ലകളിലും കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നെങ്കിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കൊല്ലത്ത് കരുനാഗപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി.

രാവിലെ ആറിന് തുടങ്ങിയ ഹർത്താലിൽ തലസ്ഥാനത്ത് തണുത്ത പ്രതികരണമാണുണ്ടാക്കിയത്. കെ.എസ്.ആർ.ടി.സി അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. എന്നാൽ എതാണ്ടെല്ലാം സ്ഥലങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുകയാണ്. നിർബന്ധിച്ച് കടകളടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ ചെയ്തില്ല. പല സ്ഥലങ്ങളിലും പ്രാദേശികമായി തന്നെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. അട്ടക്കുളങ്ങരയിൽ നിന്ന് ആരംഭിച്ച് പ്രകടനത്തിന് ഹർത്താൽ പ്രഖ്യാപിച്ച സംഘടനകളുടെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വഴി ഏജീസ് ഓഫിസിന് മുന്നിലെത്തിയ പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. നേരിയ തോതിൽ സംഘർഷമുണ്ടായതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ സർവീസ് നിർത്തി.

കൊല്ലം ജവഹർ ജംഗ്ഷനിലും കരുനാഗപ്പള്ളിയിലുമായി അഞ്ച് കെ.എസ്.ആർ.ടി.സി ബുകൾക്ക് നേരെ കല്ലേറുണ്ടായി. പത്തനം തിട്ടയിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യവാഹനങ്ങളും സർവീസ് നടത്തി, വ്യാപാരസ്ഥാപനങ്ങൾ ചില സ്ഥലങ്ങളിൽ തുറന്ന് പ്രവർത്തിച്ചു. അടൂരിലും പത്തനംതിട്ടയിലും പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയത്ത് ഈരാറ്റുപേട്ട, മുണ്ടക്കയം കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങർ ഏതാണ്ടെല്ലാം അടഞ്ഞു കിടക്കുകയാണ്. ശബരിമല തീർഥാടകർക്ക് യാതൊരു തടസ്സവും കൂടാതെയാണ് ഹർത്താൽ നടക്കുന്നത്.