LiveTV

Live

Kerala

കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘര്‍ഷം; പാലക്കാട് ലാത്തിച്ചാര്‍ജ്ജ്, 233 പേര്‍ അറസ്റ്റില്‍ 

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്

കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘര്‍ഷം; പാലക്കാട് ലാത്തിച്ചാര്‍ജ്ജ്,  233 പേര്‍ അറസ്റ്റില്‍ 

പൌരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്താകെ പ്രതിഷേധം. നിയമത്തിന് എതിരെ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്താകെ 200 ലധികം പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് . സ്വകാര്യ ബസുകള്‍‌ മിക്കയിടത്തും സര്‍വീസുകള്‍ നടത്തിയില്ല.

പൌരത്വ ഭേദഗതി നിയമത്തിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും രാവിലെ മുതല്‍ തന്നെ പ്രതിഷേധങ്ങള്‍ തുടങ്ങി. പാലക്കാടും കണ്ണൂരിലും കോഴിക്കോടും പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പാലക്കാട് രണ്ട് തവണ പൊലീസ് ലാത്തി വീശി.

കോഴിക്കോട് നഗരത്തില്‍ പല തവണ പ്രതിഷേധം അരങ്ങേറിയെങ്കിലും പ്രതിഷധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. സ്ത്രീകള്‍ മാത്രം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് ഉപരോധിച്ചു. ‌‌‌‌ തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തിയവര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു . വിവിധ ജില്ലകളിലായി ആയിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കട കമ്പോളങ്ങള്‍ മിക്കയിടത്തും അടഞ്ഞ് കിടന്നപ്പോള്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വാളയാറും ആലുവയിലും കല്ലേറുണ്ടായി. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മിക്ക ജില്ലകളിലും യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് വെട്ടിക്കുറച്ചു. ഹര്‍ത്താലായിട്ടും പരീക്ഷകള്‍ മാറ്റി വെക്കാതിനെ തുടര്‍ന്ന് തിരുവനന്തപുരത്തും കോഴിക്കോടും എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

മലപ്പുറം നഗരത്തിൽ സംയുക്ത സമിതി പ്രകടനം നടത്തി. രാവിലെ ആറു മുതൽ ഹർത്താൽ അനുകൂലികൾ കുന്നുമ്മൽ ജംങ്ഷനിൽ മുദ്രാവാക്യം വിളിക്കുകയാണ്. ദീർഘ ദൂര കെ.എസ്.ആര്‍.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസുകൾ ഓടുന്നില്ല. മലപ്പുറം തീരദേശ മേഖലകളിൽ ഹർത്താൽ ശക്തമാണ്. തിരൂർ, താനൂർ മേഖലകളിൽ പ്രവർത്തകർ വാഹനങ്ങൾ തടയാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.

ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്കൂള്‍ രണ്ടാം പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ സ്വാശ്രയ സ്കൂളുകളിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റി. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

‌പൌരത്വഭേദഗതിക്കെതിരെയും എന്‍.ആര്‍.സിക്കെതിരെയും രാജ്യാവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രക്ഷോഭങ്ങളെ കേന്ദ്രസേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.