LiveTV

Live

Kerala

മന്ത്രിതല ചര്‍ച്ചയിലും പരിഹാരമായില്ല; ആലപ്പുഴ കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍ 

തകഴി ഭാഗത്ത് ഇന്ന് മുതലായിരുന്നു പൈപ്പ് മാറ്റൽ പ്രക്രിയ തുടങ്ങേണ്ടിയിരുന്നത്.

മന്ത്രിതല ചര്‍ച്ചയിലും പരിഹാരമായില്ല; ആലപ്പുഴ കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍ 

മന്ത്രിതല ചര്‍ച്ചയിലും പരിഹാരമാകാതെ വന്നതോടെ ആലപ്പുഴ കുടിവെള്ള പദ്ധതി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഇനിയും വൈകും. തകഴി ഭാഗത്ത് ഇന്ന് മുതലായിരുന്നു പൈപ്പ് മാറ്റൽ പ്രക്രിയ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പൈപ്പ് എത്താത്തതും റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതും തിരിച്ചടിയായി.

ആവശ്യമുള്ള മുഴുവൻ പൈപ്പും തയ്യാറായ ശേഷം ഒന്നിച്ച് പരിശോധിച്ച് കൊണ്ടുവരുന്നതാണ് ജല അതോറിറ്റിയുടെ രീതി. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിരന്തരം പൊട്ടുന്ന തകഴിയിലെ 1524 മീറ്റർ പൈപ്പുകളാണ് മാറ്റേണ്ടിയിരുന്നത്. എച്ച്.ഡി. പി.ഇ പൈപ്പുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇതിന് പകരമായി മൈൽഡ് സ്റ്റീൽ പൈപ്പിനാണ് കരാറുകാരൻ ഇപ്പോൾ മധ്യപ്രദേശിലെ കമ്പനിക്ക് ഓർഡർ നൽകിയത്. എന്നാൽ ഇതുവരെ 99 മീറ്റർ പൈപ്പ് മാത്രമേ തയ്യാറായിട്ടുള്ളു എന്ന് കമ്പനി കുടിവെള്ള പദ്ധതി നടത്തിപ്പുകാരായ യൂഡിസ്മാറ്റിനെ അറിയിച്ചു. ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാത്തതിനാൽ അടുത്ത ആഴ്ച തലസ്ഥാനത്ത് വീണ്ടും യോഗം ചേരും.

അമ്പലപ്പുഴ-തിരുവല്ല റോഡ് പൊളിക്കാൻ പി.ഡബ്ല്യു.ഡി അനുമതി നൽകാത്ത സാഹചര്യത്തിൽ പൈപ്പ് ലൈന്റെ അലൈൻമെൻറ് മാറ്റി ഇടറോഡുകളിലുടെ ആക്കാമെന്ന ആലോചനയുമുണ്ട്. പദ്ധതിയിലുണ്ടായ ക്രമക്കേടുകളിൽ വ്യക്തമായ അന്വേഷണം പ്രഖ്യാപിക്കാത്തതിൽ പൊതുമരാമത്ത് മന്ത്രിക്ക് അതൃപ്തിയുണ്ട്. 43 തവണ പൊട്ടിയ പൈപ്പ് വീണ്ടും പൊട്ടാതിരിക്കാൻ പൂർണ തോതിൽ പമ്പിങ് നടത്തുന്നതുമില്ല. അധികജലം കരുമാടി തോട്ടിലേക്കാണ് പകരം ഒഴുക്കി വിടുന്നത്.