LiveTV

Live

Kerala

താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരന്‍മാര്‍ മരിച്ചു

എറണാകുളത്ത് നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരന്‍മാര്‍ മരിച്ചു

കോഴിക്കോട് താമരശ്ശേരിയില്‍ കാറും ടിപ്പറും കൂട്ടി ഇടിച്ച് വയനാട് സ്വദേശികളായ സഹോദരന്‍മാര്‍ മരിച്ചു. വെള്ളമുണ്ട പുളിഞ്ഞാല്‍ വല്ലാട്ടില്‍ ജോസിന്റെ മക്കളായ ജിനില്‍ ജോസ്, ജിനീഷ് ജോസ് എന്നിവരാണ് മരിച്ചത്. എറണാകുളത്തുനിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

കോഴിക്കോട് - ബാംഗ്ലൂര്‍ ദേശീയപാതയില്‍ താമരശ്ശേരി പെരുമ്പള്ളി അങ്ങാടിക്ക് സമീപത്തെ വളവിലാണ് കാറും ടിപ്പര്‍ ലോറിയും കൂട്ടി ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. എറണാകുളത്ത് നേഴ്‌സായി ജോലിചെയ്യുന്ന ജിനിലും വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ജിനീഷും മറ്റൊരു സഹോദരനായ ജിനൂപിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ബസ്സിനെ മറികടക്കുന്നതിനിടെ കാറ് എതിരെ വന്ന ടിപ്പറില്‍ ഇടിക്കുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാറ് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിനില്‍ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ജിനീഷ് മരിച്ചത്.