LiveTV

Live

Kerala

അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു

നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്

 അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു

പാലക്കാട് അപകടത്തില്‍ പരിക്കേറ്റ ഏഴാം ക്ലാസുകാരനെ ആശുപത്രിയിലെത്തിക്കാതെ കാർ യാത്രക്കാർ രക്ഷപ്പെട്ടെന്ന് ബന്ധുക്കൾ. കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞു കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാണ് അപകടം ഉണ്ടായത്. സ്കൂള്‍ വിട്ട് കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം ഓടിച്ചയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

മലപ്പുറം പുത്തനത്താണി സ്വദേശിയായ അഷ്റഫിന്റെ വാഹനമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസബ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. രക്ഷപ്പെടാനാണ് കുട്ടിയെ വഴിയില്‍ ഇറക്കിവിട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം.