LiveTV

Live

Kerala

കോഴിക്കോട് കാരശ്ശേരി പൈക്കാടന്‍ മലയില്‍ സോയിൽ പൈപ്പിങ് ഇല്ലെന്ന് ജില്ലാ ജിയോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട്

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വിദഗ്ധസമിതിയും സോയില്‍ പൈപ്പിംഗാണെന്ന് സ്ഥിരീകരിച്ച സ്ഥലത്താണ് സോയില്‍ പൈപ്പിംഗില്ലെന്ന റിപ്പോര്‍ട്ട് ജില്ലാ ജിയോളജിസ്റ്റ് നല്കിയത്.

കോഴിക്കോട് കാരശ്ശേരി പൈക്കാടന്‍ മലയില്‍ സോയിൽ പൈപ്പിങ് ഇല്ലെന്ന് ജില്ലാ ജിയോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട്

കോഴിക്കോട് കാരശ്ശേരി പൈക്കാടന്‍ മലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസമില്ലെന്ന് ജില്ലാ ജിയോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും വിദഗ്ധസമിതിയും സോയില്‍ പൈപ്പിങാണെന്ന് സ്ഥിരീകരിച്ച സ്ഥലത്താണ് സോയില്‍ പൈപ്പിങില്ലെന്ന റിപ്പോര്‍ട്ട് ജില്ലാ ജിയോളജിസ്റ്റ് നല്കിയത്. സോയിൽ പൈപ്പിംഗ് മേഖലയിൽ ക്വാറി പ്രവർത്തിക്കുന്നെന്ന പരാതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലാണ് ജില്ലാ ജിയോളജിസ്റ്റ് ക്വാറിക്ക് അനുകൂലമായി റിപ്പോർട്ട് നല്കിയത്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

കഴിഞ്ഞ സെപ്തംബറിലാണ് കുമരനെല്ലൂര്‍ വില്ലേജില്‍പ്പെട്ട പൈക്കാടന്‍ മലയില്‍ സോയില്‍ പൈപ്പിങ് പ്രതിഭാസം കണ്ടത്. തുടര്‍ന്ന് പഠനം നടത്തിയ സംസ്ഥാനദുരന്ത നിവാരണവകുപ്പും വിദഗ്ധ സമിതിയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ ഈ പ്രദേശം ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള സ്ഥലത്താണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സോയില്‍ പൈപ്പിങിനെ കുറിച്ചും, പൈക്കാടന്‍മലയിലെ പാറഖനനം ദുരന്ത സാധ്യത വര്‍ധിപ്പിക്കുമെന്നും മണ്ണ് സംരക്ഷണവിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളികൊണ്ടാണ് ജില്ലാ ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് നല്കിയത്. സ്ഥലത്തുണ്ടായത് ശക്തമായ മഴയില്‍ നീരുറവയോടൊപ്പം ക്ലേ ഒഴുകി വന്നതാണെന്നാണ് ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്. ക്വാറി മാഫിയയെ സഹായിക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലാ ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് നല്കിയതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

പൈക്കാടന്‍മലയിലെ പാറഖനനം പ്രകൃതി ദുരന്തത്തിന് സാധ്യത വര്‍ധിപ്പിക്കുമെന്നുള്ള റിപ്പോര്‍ട്ട് നിലനില്‍ക്കെ തന്നെ പാലക്കല്‍ ഗ്രാനൈറ്റ്സിന്‍റെ ക്വാറി പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ജിയോളജിസ്റ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ക്വാറിയെ സഹായിക്കുന്ന നിലപാടുള്ളത്. നിയമവിധേയമാണ് ക്വാറിയുടെ പ്രവര്‍ത്തനമെന്ന സാക്ഷ്യപ്പെടുത്തലും ജിയോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.