LiveTV

Live

Kerala

മുസ്‌ലിം സംഘടനകളുടെ യോഗം ഇനി സമസ്ത വിളിക്കില്ല; പൗരത്വ ഭേദഗതി ബില്ലിന് എതിരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകും 

കോഴിക്കോട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മറ്റ് മതസംഘടനകള്‍ക്കും ക്ഷണമില്ല

മുസ്‌ലിം സംഘടനകളുടെ യോഗം  ഇനി സമസ്ത വിളിക്കില്ല; പൗരത്വ  ഭേദഗതി ബില്ലിന് എതിരെ  പ്രക്ഷോഭവുമായി മുന്നോട്ട് പോകും 

പൗരത്വ ഭേദഗതി നിയമത്തിലെ തുടര്‍‌ നടപടികള്‍ ആലോചിക്കാനായി മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പൂര്‍ണമായും സമസ്ത ഇ.കെ വിഭാഗം പിന്‍മാറുന്നു. ലീഗ് എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ യോഗം മാറ്റിവെച്ച സമസ്ത സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികളുമായി മാത്രം തല്‍ക്കാലം മുന്നോട്ട് പോയാല്‍ മതിയെന്ന ധാരണയിലേക്ക് എത്തി.

സമുദായത്തെ ബാധിക്കുന്ന വിഷയത്തില്‍ സമസ്ത നടത്താനിരുന്ന ചരിത്രപരമായ ഇടപെടല്‍ ലീഗ് ഇല്ലാതാക്കിയെന്ന വികാരം സമസ്തയ്ക്കുള്ളില്‍ ശക്തമാണ്. മുഴുവന്‍ മുസ്‌ലിം സംഘടനകളുടേയും യോഗം വിളിച്ച ശേഷം അതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെയും ഇടത്പക്ഷത്തിന്റെയും ദേശീയ നേതാക്കളെയടക്കം പങ്കെടുപ്പിച്ച് പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം തുടങ്ങാനായിരുന്നു സമസ്ത ഇ.കെ വിഭാഗത്തിന്റെ നീക്കം.

ഇതിനായി വിവിധ മതസംഘടനകളുടെ നേതൃത്വവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ തന്നെ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാരും സമസ്ത ഇ.കെ വിഭാഗം അധ്യക്ഷന്‍ തന്നോട് സംസാരിച്ചതായി പരസ്യമായി വ്യക്തമാക്കി. തുടര്‍ന്നായിരുന്നു യോഗം വിളിച്ചത്. എന്നാല്‍ ലീഗ് നേതൃത്വം ഹൈദരലി തങ്ങളില്‍ സമ്മര്‍ദ്ധം ചെലുത്തിയതോടെ സമസ്ത ഇ.കെ വിഭാഗത്തിന് പിന്‍വാങ്ങേണ്ടി വന്നു.

തുടര്‍ന്ന് സമസ്ത ഏകോപന സമിതി വിളിച്ച് സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിക്കുകയായിരുന്നു. മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച സമസ്ത, കോഴിക്കോട് നടത്തുന്ന പൊതുപരിപാടിയിലേക്കും അവരെ ക്ഷണിക്കില്ല. പകരം എല്‍.ഡി.എഫ്, യു.ഡി.എഫ് എം.പിമാരെ പങ്കെടുപ്പിക്കും. ലീഗ് നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അതില്‍ സി.പി.എം അടക്കമുള്ളവരുടെ പങ്കാളിത്വം ഉറപ്പാക്കാനാകില്ല.

ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു സമസ്തയുടെ നേതൃത്വത്തില്‍ മത സംഘടനകള്‍ നേതൃത്വം നല്‍കുന്ന സംയുക്ത പ്രക്ഷോഭം എന്ന നിലയ്ക്കുള്ള ആലോചനകള്‍ ആദ്യ ഘട്ടത്തില്‍ ഉടലെടുത്തത്. അത് നടക്കാതെ പോയതോടെ നഷ്ടമായത് പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ നേതൃത്വത്തെയും മതസംഘടനകളുടെ കാര്‍മികത്വത്തില്‍ ഒറ്റകെട്ടായി അണിനിരത്താനുള്ള അവസരമാണെന്ന വികാരം സമസ്തയ്ക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മതസംഘടനകളുടെ യോഗം വിളിക്കുന്നത് ഒഴിവാക്കിയതെന്ന് പരസ്യമായി അംഗീകരിക്കാന്‍ സമസ്ത നേതൃത്വം തയ്യാറല്ല.