മാര്‍ക്ക് ദാനം; റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്സിന് നല്‍കാതെ എംജി, കേരള സര്‍വ്വകലാശാലകള്‍
വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇതോടെ പ്രതിസന്ധിയിലായി
മാര്‍ക്ക്ദാന വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്സിന് നല്‍കാതെ എംജി, കേരള സര്‍വ്വകലാശാലകള്‍. വിദേശത്ത് ജോലിക്ക് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇതോടെ പ്രതിസന്ധിയിലായി. റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് രണ്ട് തവണ നോര്‍ക്ക ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കിയില്ല.
എം.ജി സര്‍വ്വകലാശാലയില്‍ ബിടെക്ക് പരീക്ഷയില്‍ തോറ്റ 118 വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിരുദ്ധമായി 5 മാര്‍ക്ക് മോഡറേഷന് നല്കി വിജയിപ്പിച്ചിരുന്നു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് സര്‍വ്വകലാശാല റദ്ദാക്കിയത്. കേരള സര്‍വ്വകലാശാലയില്‍ സി.ബി.സി.എസ് ഡിഗ്രി പരീക്ഷയില്‍ ക്രമക്കേടിനെ തുടര്‍ന്ന് 390 പേരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. ഈ നടപടി നോര്‍ക്കാ റൂട്ട്സ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് തടസ്സങ്ങള്‍ ഉണ്ടാക്കിയ സാഹചര്യത്തിലാണ് കേരള എംജി സര്‍വ്വകലാശാലകളോടെ നോര്‍ക്ക വിശദീകരണം ചോദിച്ചത്.
രണ്ട് തവണ റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ പരീക്ഷ കണ്‍ട്രോളറോട് ആവശ്യപ്പെട്ടിട്ടും ഇത് നല്കാന് ഇരു സര്‍വ്വകലാശാലകളും തയ്യാറായില്ല. എംജി സര്‍വ്വകലാശാലയാകട്ടെ സൈറ്റില്‍ നിന്നും പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന നിരുത്തരവാദപരമായ മറുപടിയുമാണ് നല്‍കിയത്. സര്‍വ്വകലാശാലകള്‍ കൃത്യമായ വിവരം നല്‍കാതെ വന്നതോടെ വിദേശ ജോലിക്ക് പോകേണ്ട വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷന് തടസ്സപ്പെട്ടിരിക്കുകയാണ്.