LiveTV

Live

Kerala

കണ്ണിന് പരിക്കേറ്റ കുട്ടിയുടെ ചികിത്സ വൈകിയ സംഭവം; ക്ലാസ് അധ്യാപികക്ക് വീഴ്ച പറ്റിയെന്ന് രക്ഷിതാക്കള്‍

പരിക്ക് പറ്റി മണിക്കൂറുകള്‍ക്ക് ശേഷമാണ് വിവരം രക്ഷിതാക്കളെ അറിയിച്ചത്

കണ്ണിന് പരിക്കേറ്റ കുട്ടിയുടെ ചികിത്സ വൈകിയ സംഭവം; ക്ലാസ് അധ്യാപികക്ക് വീഴ്ച പറ്റിയെന്ന് രക്ഷിതാക്കള്‍

കോഴിക്കോട് പുതുപ്പാടി മണല്‍ വയല്‍ എല്‍.പി സ്കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ പേന കൊണ്ട്പരിക്കേറ്റ സംഭവത്തില്‍ ക്ലാസ് അധ്യാപികക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് രക്ഷിതാക്കള്‍. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതു മൂലം ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതിയിലായെന്ന് കുട്ടിയുടെ ഉമ്മ മീഡിയവണിനോട് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സ്കൂളില്‍ നിന്നും ഒരാള്‍ പോലും വന്നില്ലെന്നും ഉമ്മ ലൈല പറയുന്നു.

തിങ്കളാഴ്ച ഉച്ചക്ക് മുമ്പാണ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.എന്നാല്‍ വീട്ടില്‍ വിരമറിയിച്ചതാവട്ടെ മണിക്കൂറുകള്‍ കഴിഞ്ഞും. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും സ്കൂളില്‍ നിന്നും ആരും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോകാന്‍ വന്നില്ലെന്നും കുട്ടിയുടെ ഉമ്മ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ കണ്ണിന് ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു.അപകടത്തെത്തുടര്‍ന്ന് കണ്ണിന് തിമിര ബാധയുണ്ടായിട്ടുണ്ട്. ഇതു നീക്കിയാലെ കണ്ണിലെ ഞരമ്പുകള്‍ പ്രവര്‍ത്തന ക്ഷമമാണോയെന്ന് മനസിലാകുകയുളളൂവെന്ന് കോംട്രസ്റ്റ് ആശുപത്രി അധികൃതര്‍ പറഞ്ഞു.അതേ സമയം ക്ലാസ് അധ്യാപിക ബിജിയെ മാനേജ്മെന്റ് അന്വേഷണ വിധേയമായി സസ്പെന്‍ഡി ചെയ്തിട്ടുണ്ട്.കുട്ടിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും മാനേജ്മെന്റ് വഹിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.