റസിഡന്‍ഷ്യല്‍ സ്കൂളില്‍ പത്താം ക്ലാസ്സുകാരനെ പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്‍
പോക്സോ ചുമത്തി പ്രതിയെ മരങ്ങാട്ട്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയത്ത് സ്കൂള്‍ വിദ്യാര്‍ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം. മരങ്ങാട്ട് പള്ളിയിലെ ഒരു റസിഡന്‍ഷ്യല്‍ സ്കൂളിലെ ജീവനക്കാരനാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. പോക്സോ ചുമത്തി പ്രതിയെ മരങ്ങാട്ട്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ പൊലീസ് കാലതാമസം വരുത്തിയെന്ന് വിദ്യാര്‍ഥിയുടെ അമ്മ പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസീവ്
പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. സ്കൂളിലെ ജീനക്കാരനായ പാലാ സ്വദേശി ആകാശ് നാല് തവണ ലൈംഗിക ചൂഷണം നടത്തിയെന്നാണ് കുട്ടിയുടെ മൊഴി. വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്ന സ്കൂളില്‍ കുട്ടിയുടെ മേല്‍നോട്ടം ഈ ജീവനക്കാരനായിരുന്നു. ഇതിനിടെയിലാണ് സംഭവം ഉണ്ടായത്. സ്കൂളില്‍ പലതവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്.
ആദ്യം പൊലീസും നടപടിയെടുത്തില്ല. പിന്നീട് വിദ്യാര്‍ഥി രഹസ്യമൊഴി നല്‍കിയതോടെയാണ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി നല്കിയ വിദ്യാര്‍ഥിയെയും കൂടെ നില്ക്കുന്ന വിദ്യാര്‍ഥിയെയും വാര്‍ത്ത പുറത്ത് വരാതിരിക്കാന്‍ സ്കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. അതേസമയം പരാതി മൂടിവക്കാന് ശ്രമിച്ചിട്ടില്ലെന്നും ജീവനക്കാരനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.