LiveTV

Live

Kerala

കിണറില്‍ വീണയാളെ രക്ഷിക്കാനിറങ്ങിയ 4 പേരും കുടുങ്ങി; ഒടുവില്‍ ഫയര്‍ഫോഴ്സ് രക്ഷക്കെത്തി - വീഡിയോ

നീരാടി മല കോളനിയിൽ ഉണ്ണീരി എന്നയാളുടെ വീട്ടിലെ 51 അടിയോളം താഴ്ചയുള്ള കിണറിൽ അകപ്പെട്ട അഞ്ച് പേരെയാണ് ഫയര്‍ഫോഴ്സ് സംഘം സാഹസികമായി രക്ഷപെടുത്തിയത്.

കിണറില്‍ വീണയാളെ രക്ഷിക്കാനിറങ്ങിയ 4 പേരും കുടുങ്ങി; ഒടുവില്‍ ഫയര്‍ഫോഴ്സ് രക്ഷക്കെത്തി - വീഡിയോ

കിണറിൽ അകപ്പെട്ടവരെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. പനങ്ങാടാണ് സംഭവം. നീരാടി മല കോളനിയിൽ ഉണ്ണീരി എന്നയാളുടെ വീട്ടിലെ 51 അടിയോളം താഴ്ചയുള്ള കിണറിൽ അകപ്പെട്ട അഞ്ച് പേരെയാണ് ഫയര്‍ഫോഴ്സ് സംഘം സാഹസികമായി രക്ഷപെടുത്തിയത്. ഓണിപ്പറമ്പിൽ ബാബു (45), പ്രഭാകരൻ, മനോജ്, സുബീഷ്, സുജേഷ് എന്നിവര്‍ക്കാണ് ഫയര്‍ഫോഴ്സ് രക്ഷകരായത്.

കിണർ വൃത്തിയാക്കാൻ ഇറങ്ങവെ കയർപൊട്ടി ബാബു കിണറിലേക്ക് വീഴുകയായിരുന്നു. ബാബുവിനെ രക്ഷിക്കാന്‍ വേണ്ടി കിണറില്‍ ഇറങ്ങിയ മറ്റു നാലു പേരും കുടുങ്ങിയതോടെയാണ് ഫയര്‍ഫോഴ്സ് സംഘം എത്തിയത്. ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫീസർ എ. നിപിൻ ദാസ് കിണറിലിറങ്ങി വളരെ സാഹസികമായാണ് ബാബുവിനെ കിണറിൽ നിന്നും പുറത്തെടുത്തത്. നട്ടെല്ലിന് പരിക്കേറ്റെന്ന സംശയത്താൽ സ്ട്രക്ചറിൽ കെട്ടി കിണറിന് സമാന്തരമായി ഉയർത്തിയാണ് ബാബുവിനെ പുറത്തെടുത്തത്.

നരിക്കുനി അഗ്നി രക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫീസർമാരായ പി.ഒ വർഗ്ഗീസ്, എം.കെ അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എം മജീദ്, ടി.എം വിനോദ് കുമാർ, എം.എസ് ഹരീഷ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ വി.കെ സിധീഷ്, ആര്‍. ജിനേഷ്, ഹോം ഗാർഡുമാരായ വി.കെ പ്രകാശൻ, കെ അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.