LiveTV

Live

Kerala

പച്ചക്കറി കടയില്‍ ഇരുന്ന് മടുത്ത ഉള്ളിക്കൊരു ചെയ്ഞ്ചായിട്ടുണ്ട്..ഇപ്പോള്‍ ജൌളിക്കടയിലാണ് സ്ഥാനം!

വെള്ളിയാഴ്ച രാത്രി റാക്കില്‍ തുണി അടുക്കിവെക്കുന്നതിനിടെയാണ് വസ്ത്രം വാങ്ങുന്നവര്‍ക്ക് ഉള്ളി ഫ്രീയായി കൊടുത്താലോ എന്ന ചിന്ത ബള്‍ബ് പോലെ കത്തിയത്

പച്ചക്കറി കടയില്‍ ഇരുന്ന് മടുത്ത ഉള്ളിക്കൊരു ചെയ്ഞ്ചായിട്ടുണ്ട്..ഇപ്പോള്‍ ജൌളിക്കടയിലാണ് സ്ഥാനം!

ശനിയാഴ്ചയാണ് കോഴിക്കോട്ടെ പൂവാട്ടുപറമ്പില്‍ 'സറ ഫാഷന്‍' എന്ന ജൌളിക്കട സുബൈര്‍ തുറന്നത്. സ്ത്രീകളുടേയും കുട്ടികളുടയും വസ്ത്രങ്ങള്‍ വില്‍ക്കുന്ന കട. വലിയ ചെലവില്ലാതെ കട എങ്ങനെ വൈറലാക്കുമെന്ന ചിന്ത, കട തുടങ്ങാന്‍ തീരുമാനിച്ച അന്ന് തുടങ്ങിയതാണ്.പക്ഷെ ആശയം കിട്ടാന്‍ ഉദ്ഘാടനത്തിന്റെ തലേന്ന് വരെ കാത്തിരിക്കേണ്ടി വന്നെന്ന് മാത്രം.

വെള്ളിയാഴ്ച രാത്രി റാക്കില്‍ തുണി അടുക്കിവെക്കുന്നതിനിടെയാണ് വസ്ത്രം വാങ്ങുന്നവര്‍ക്ക് ഉള്ളി ഫ്രീയായി കൊടുത്താലോ എന്ന ചിന്ത ബള്‍ബ് പോലെ കത്തിയത്. സാധനം വാങ്ങുന്ന മുഴുവന്‍ ആളുകള്‍ക്കും ഉള്ളി കൊടുത്താല്‍ സുബൈറിന്‍റെ പോക്കറ്റ് വെളുക്കുമെന്ന് അടുത്തുണ്ടായിരുന്ന കൂട്ടുകാരന്‍ അപ്പോള്‍ തന്നെ കമന്‍റടിച്ചു. അപ്പോ പിന്നെ എന്ത് ചെയ്യുമെന്നായി ചിന്ത. ചിന്തിച്ച് ചിന്തിച്ച് അവസാനം 500 രൂപക്ക് വസ്ത്രമെടുത്താല്‍ അരക്കിലോ ഉള്ളി ഫ്രീ-യായി കൊടുക്കാമെന്നതിലേക്ക് എത്തി.

കട ഉദ്ഘാടനത്തിന് മുമ്പ് തന്നെ ഫ്ലെക്സ് അടിച്ച് കടക്ക് മുന്നില്‍ കെട്ടി.ആരൊക്കയോ ഫെയ്സ്ബുക്കിലിട്ടു.അത് കണ്ടവര്‍...കണ്ടവര്‍ രസം തോന്നി വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തു. അവിടുന്ന് ഇന്‍സ്റ്റഗ്രാമിലേക്കും ട്വിറ്ററിലേക്കുമെല്ലാം പറന്നു.

ഉള്ളിക്ക് രാജയോഗമാണന്നാണ് ഇവിടെ വരുന്നവരെല്ലാം പറയുന്നത്.എയര്‍ കണ്ടീഷന്‍ ചെയ്ത തുണിക്കടയില്‍ പണപ്പെട്ടിയുടെ തൊട്ടടുത്ത് തന്നെ ഗമയില്‍ തന്നെ‌യാണ് ഉള്ളിയുടെ സ്ഥാനം.അത് കാണുന്നവര്‍ കാണുന്നവര്‍ ഇപ്പോള്‍ പറയുന്നത് ഉള്ളിയുടെ ഒരു രാജയോഗമേ എന്നാണ്...