LiveTV

Live

Kerala

പതിനേഴുകാരിയെ പെണ്‍വാണിഭത്തിനുപയോഗിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

കേസിലെ മുഴുവന്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പിടിയിലായവരില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്

പതിനേഴുകാരിയെ പെണ്‍വാണിഭത്തിനുപയോഗിച്ച കേസില്‍ കൂടുതല്‍  പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം

കൊല്ലത്ത് പതിനേഴുകാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം. കേസിലെ മുഴുവന്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പിടിയിലായവരില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മായിയടക്കം പിടിയിലായ നാലു പേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. കുരീപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചും തിരുവനന്തപുരത്തും കൊല്ലത്തുമുള്ള വിവിധ ഹോംസ്റ്റേകളില്‍ എത്തിച്ചുമാണ് പീഡിപ്പിച്ചിരുന്നത്.

അമ്മായി ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിനുപയോഗിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ ഭാര്യയെയും ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയെ കാഴ്ചവെച്ച് അമ്മായി ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ പത്തോളം പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി.

ഇവരെക്കുറിച്ചുള്ള വിവരങ്ങളും കൈമാറിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെയും അറസ്റ്റ് ചെയ്യും. അന്വേഷണം വേഗത്തിലാക്കാനാണ് കേസന്വേഷിക്കുന്ന അഞ്ചാലും മൂട് പൊലീസിനുള്ള ഉന്നതതല നിര്‍ദേശം. പെണ്‍കുട്ടിക്ക് പ്രായാപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. അറസ്റ്റിലായ നാലുപേരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.