LiveTV

Live

Kerala

56,000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ ആലുവ റെയിൽവെ പോലീസ് പിടികൂടി

അന്യസംസ്ഥാനങ്ങളിലേക്ക് കൗണ്ടറിൽ നിന്നെടുത്ത തത്കാലടക്കമുള്ള ടിക്കറ്റുകളാണ് പെരുമ്പാവൂരിലെ വഹാബിന്‍റെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്

56,000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ ആലുവ റെയിൽവെ പോലീസ് പിടികൂടി

കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 56,000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ ആലുവ റെയിൽവെ പോലീസ് പിടികൂടി. ചാലക്കുടി സ്വദേശി പി.എസ് വഹാബിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ ജാസ്മിൻ ടൂർസ് ആൻഡ് ട്രാവൽസിന്‍റെ ഉടമയാണ് വഹാബ്.

അന്യസംസ്ഥാനങ്ങളിലേക്ക് കൗണ്ടറിൽ നിന്നെടുത്ത തത്കാലടക്കമുള്ള ടിക്കറ്റുകളാണ് പെരുമ്പാവൂരിലെ വഹാബിന്‍റെ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കൊൽക്കത്ത, ഗൊരഖ്പൂർ അജ്മീർ എന്നീ സ്ഥലങ്ങളിലേക്കുള്ള വിവിധ ട്രെയിനുകളിലെ ടിക്കറ്റുകളാണ് പിടിച്ചെടുത്തത്. വിവിധ റെയിൽവെ സ്റ്റേഷൻ കൗണ്ടറുകളിൽ കൂലിക്ക് ആളെ നിർത്തി തത്കാലടക്കമുള്ള ടിക്കറ്റെടുത്ത് കരിഞ്ചന്തയിൽ വിറ്റുവരികയായിരുന്നുവെന്ന് റെയിൽവെ പോലീസ് പറയുന്നു.

23 റിസർവേഷൻ ടിക്കറ്റുകളും ഏഴ് ഓൺലൈൻ ടിക്കറ്റുകളുമാണ് കണ്ടെടുത്തത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. ഒരു സീറ്റിന് 300 മുതൽ 500 രൂപ വരെ ഇടപാടുകാരിൽ നിന്ന് കൂടുതൽ ഈടാക്കിയിരുന്നു. അഞ്ച് വർഷമായി പെരുമ്പാവൂരിൽ ട്രാവൽ ഏജൻസി നടത്തിവരുകയായിരുന്നു വഹാബ്. റെയിൽവെ നിയമ പ്രകാരം അനധികൃതമായി ടിക്കറ്റുകൾ സംഭരിച്ച് വിൽപന നടത്തുന്ന കുറ്റത്തിന് കേസെടുത്തു. മൂന്ന് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത വകുപ്പാണിത്. ടിക്കറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും റെയിൽവെപോലീസ് അന്വേഷിക്കുന്നുണ്ട്.