LiveTV

Live

Kerala

കക്കയത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം

ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി നേരിട്ട് ഇടപെട്ടതോടെ സ്ഥലം പതിച്ച് നല്‍കാന്‍ വൈദ്യുതി വകുപ്പ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്

കക്കയത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം

കോഴിക്കോട് കക്കയത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടി നേരിട്ട് ഇടപെട്ടതോടെ സ്ഥലം പതിച്ച് നല്‍കാന്‍ വൈദ്യുതി വകുപ്പ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.ഇതേത്തുടര്‍ന്ന് സ്ഥലം വിട്ടുനല്‍കരുതെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ലാന്റ് മാനേജ്മെന്റ് , ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എം.എല്‍.എ ഇടപെട്ടതിന്റെ രേഖകളും കെ.എസ്.ഇ.ബി ലാന്റ് മാനേജ്മെന്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും മീഡിയവണിന് ലഭിച്ചു.

റോഡിന് വേണ്ടി കെ.എസ്.ഇ.ബി വിട്ടുനല്‍കേണ്ടത് ഈ കാണുന്നത്ര സ്ഥലമാണ്. ഒന്നരയേക്കര്‍ സ്ഥലമുണ്ടന്നും അവിടേക്ക് വാഹനം കടന്ന് പോകാനുള്ള വഴി കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് നിന്ന് തരണമെന്നുമുള്ള അപേക്ഷ സ്ഥലം ഉടമ കെ.എ ബിജു വൈദ്യുതി മന്ത്രി എം.എം മണിക്ക് നല്‍കിയിരുന്നു. അതിന് പിന്നാലെ തന്നെ ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ ഇടപെടലുണ്ടായി. സ്ഥലത്തിന്റെ ആധാരവും നികുതി ചീട്ടും മറ്റ് രേഖകളും ഉള്‍പ്പെടുത്തി വഴി അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജൂലൈ ഏഴിന് മന്ത്രി എം.എം മണിക്ക് കത്ത് നല്‍കി.ഇതേത്തുടര്‍ന്നാണ് സ്ഥലം നല്‍കാനുള്ള തീരുമാനം വൈദ്യുതി വകുപ്പ് തത്വത്തിലെടുത്തത്. ഇതറിഞ്ഞ കെ.എസ്.ഇ.ബിയുടെ ഭൂമി സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണമുള്ള ലാന്റ് മാനേജ്മെന്റ് എതിര്‍പ്പുമായി രംഗത്ത് വന്നു. വഴിക്ക് വേണ്ടിയല്ല സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് സ്ഥലം ചോദിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

ലാന്റ് മാനേജ്മെന്റ് ചീഫ് കോഡിനേറ്റര്‍ ഒക്ടോബര്‍ 24 ന് തൃശൂര്‍ ജനറല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ക്ക് സ്ഥലം വിട്ടുനല്‍കരുതെന്ന വിശദമായ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടും മറികടന്ന് സ്ഥലം വിട്ടുനല്‍കാനുള്ള തീരുമാനത്തില്‍ വൈദ്യുതി വകുപ്പ് ഉറച്ച് നില്‍ക്കുകയാണെന്നാണ് വിവരം.