LiveTV

Live

Kerala

മാര്‍ക്കുദാന വിവാദം: വിമര്‍ശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുമെന്ന് മന്ത്രി ജലീല്‍, ജലീലിന് പിഴവ് പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

മാര്‍ക്കുദാന വിവാദം: വിമര്‍ശനങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുമെന്ന് മന്ത്രി ജലീല്‍, ജലീലിന് പിഴവ് പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നെന്ന് മന്ത്രി കെ.ടി ജലീൽ. എം.ജി സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണർ നൽകിയ മറുപടി കത്ത് പ്രതിപക്ഷ നേതാവ് പുറത്ത് വിടണമെന്നും ജലീൽ ആവശ്യപ്പെട്ടു. ഗവര്‍ണറെ സിന്‍ഡിക്കേറ്റ് തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി.

കോഴിക്കോട് ജെ.ഡി.ടിയില്‍ നടന്ന പരിപാടിക്കിടെയാണ് മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് കെ.ടി ജലീൽ മറുപടി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ജലീൽ വെല്ലുവിളിച്ചു. മാര്‍ക്ക് ദാനവിവാദത്തില്‍ ഗവർണറെ തെറ്റിദ്ധരിപ്പിക്കുകയാണ് സിൻഡിക്കേറ്റ് ചെയ്തതെന്നും ജലീലിനെ പുറത്താക്കാൻ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കെ.ടി ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. എം.ജി സര്‍വകലാശാലയിലെ വിഷയത്തില്‍ മന്ത്രി കെ.ടി ജലീൽ ഇടപ്പെട്ടിട്ടില്ലെന്നും അത് ഗവർണ്ണർക്കും അറിയാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ മലപ്പുറം വളാഞ്ചേരിയില്‍ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി.