ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. രണ്ട് വര്‍ഷമായി സുരക്ഷക്കായി ഏര്‍പ്പെടുത്തിയ നാല് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. വാളയാര്‍, യു.എ.പി.എ കേസുകളില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് സര്‍ക്കാര്‍ നടപടിയെന്ന് കെമാല്‍ പാഷ മീഡിയവണിനോട് പറഞ്ഞു.
‘മാവോയിസ്റ്റുകളെ, വെടിവെച്ചു കൊലപ്പെടുത്തിയവരെക്കുറിച്ച് എനിക്കറിയില്ല, വാളയാറിലെ പെണ്‍കുട്ടികളെ എനിക്കറിയില്ല, പക്ഷെ സമൂഹത്തിന് വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തുകയാണ്. ഇനിയും ഞാന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറും. ചെവി കേള്‍ക്കാത്തവന്റെ ചെവിയായി ഞാന്‍ പോകും. മീഡിയ ഇനിയും എന്റെയടുത്ത് വന്നാല്‍ ധൈര്യപൂര്‍വം എനിക്ക് പറയാനുള്ളത് പറയും. അത് സര്‍ക്കാരിനെതിരായോ പൊലീസിനെതിരായിട്ടോണോ എന്ന് ഞാന്‍ നോക്കാറില്ല. ജനങ്ങള്‍ക്ക് വേണ്ടിയും സത്യസന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ ഇനിയും സംസാരിക്കും. അത് അടക്കാനായിരിക്കും ഈ നടപടിയെന്ന് എനിക്ക് തോന്നുന്നു’; ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ഐ.എസ് ഉള്‍പ്പെടയുള്ള സംഘടനകളില്‍ നിന്നും ഭീഷണിയുള്ളതായ ഇന്റലിജന്‍സ് വിവരങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസ് കെമാല്‍ പാഷക്ക് നാല് ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചത്.