LiveTV

Live

Kerala

വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണം അഭിഭാഷകർ പിൻവലിച്ചു

പ്രശ്ന പരിഹാരത്തിന് തുടർ ചർച്ചകൾ നടത്തുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് ബഹിഷ്ക്കരണം പിൻവലിച്ചതെന്ന് ബാർ അസോസിയേഷൻ അറിയിച്ചു

 വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണം അഭിഭാഷകർ പിൻവലിച്ചു

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണം അഭിഭാഷകർ പിൻവലിച്ചു. വനിത മജിസ്ട്രേറ്റ് ദീപ മോഹന്റെ കോടതിയിൽ അഭിഭാഷകർ ഇന്നു മുതൽ ഹാജരായി.പ്രശ്ന പരിഹാരത്തിന് തുടർ ചർച്ചകൾ നടത്തുമെന്ന ഉറപ്പ് ലഭിച്ചതിനാലാണ് ബഹിഷ്ക്കരണം പിൻവലിച്ചതെന്ന് ബാർ അസോസിയേഷൻ അറിയിച്ചു.

ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷക-മജിസ്ട്രേറ്റ് തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം മജിസ്ട്രേറ്റ് ദീപ മോഹനെ ബഹിഷ്ക്കരിക്കാനുളള തീരുമാനം ബാർ അസോസിയേഷൻ പിൻവലിച്ചു. ഇന്നു മുതൽ ദീപ മോഹന്റെ കോടതിയിൽ അഭിഭാഷകർ ഹാജരായി. മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വഞ്ചിയൂർ കോടതിയിലെ 12 അഭിഭാഷകർക്കെതിരെ കേസെടുത്ത പശ്ചത്തലത്തിലായിരുന്നു മജിസ്ട്രേറ്റ് ദീപ മോഹനെ ബാർ അസോസിയേഷൻ ബഹിഷ്ക്കരിച്ചത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന ബാർ കൌൺസിൽ പ്രതിനിധികൾ വഞ്ചിയൂരെത്തി ചർച്ചകൾ നടത്തിയെങ്കിലും ബഹിഷ്ക്കരണം പിൻവലിക്കാൻ അഭിഭാഷകർ തയ്യാറായിരുന്നില്ല.

അഭിഭാഷകർക്കെതിരായ കേസുകൾ പിൻവലിച്ചാലെ ബഹിഷ്ക്കരണം അവസാനിപ്പിക്കുകയുളളൂവെന്നായിരുന്നു ബാർ അസോസിയേഷന്റെ നിലപാട്.എന്നാൽ ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്താമെന്ന് ജില്ലാ ജഡ്ജി ഉറപ്പ് നൽകിയതോടെ ബഹിഷ്ക്കരണം പിൻവലിക്കാൻ ബാർ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.അതേ സമയം മജിസ്ട്രേറ്റിന്റെ പരാതിയിൽ അഭിഭാഷകർക്കെതിരെ എടുത്ത കേസ് പിൻവലിച്ചിട്ടില്ല.ഇക്കാര്യത്തിൽ മജിസ്ട്രേറ്റിന്റെ തീരുമാനമാകും ഇനി നിർണ്ണായകം.