LiveTV

Live

Kerala

സഫയുടെ പ്രസംഗം ഉപ്പ ലൈവായി കേട്ടു, മകള്‍ സംഭവമായ വിവരം പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉമ്മ അറിഞ്ഞിരുന്നില്ല

Rahul Gandhi: there is no foolish question or wrong question safa: മണ്ടൻ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല

സഫയുടെ പ്രസംഗം ഉപ്പ ലൈവായി കേട്ടു, മകള്‍ സംഭവമായ വിവരം പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉമ്മ അറിഞ്ഞിരുന്നില്ല

സ്കൂളിലെ കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനത്തിന് രാഹുല്‍ഗാന്ധി വരുന്നുണ്ടന്ന് അറിഞ്ഞപ്പോള്‍ പ്ലസ്ടു സയന്‍സ് ക്ലാസില്‍ പഠിക്കുന്ന സഫ ഫെബിന്‍റെ മനസ്സില്‍ രണ്ട് ആഗ്രഹം ഉണ്ടായിരുന്നു.രാഹുല്‍ഗാന്ധിയെ നേരിട്ട് കാണണം, പറ്റിയാല്‍ ഒരു ഫോട്ടോയും എടുക്കണം. സദസ്സിന്‍റെ ഒത്ത നടുവില്‍ മാധ്യമപ്രവര്‍ത്തകരുടെ പിന്നിലായി ഇരുന്നു. പരിഭാഷകനായി കെ.സി വേണുഗോപാലിനെ രാഹുല്‍ഗാന്ധി നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. പെട്ടന്നാണ് അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥികളില്‍ ആരെങ്കിയും പരിഭാഷപ്പെടുത്താന്‍ വരുമോയെന്ന് രാഹുല്‍ ചോദിച്ചത്.

ആ ചോദ്യം കേട്ടപ്പോള്‍ പരിഭാഷപ്പെടുത്താന്‍ എനിക്ക് സാധിച്ചങ്കിലെന്ന് വിചാരിച്ചിരുന്നു സഫ. പക്ഷെ ആഗ്രഹം മനസ്സിലിട്ട് കുറച്ച് സമയമിരുന്നു. ഇംഗ്ലീഷ് നന്നായി സംസാരിക്കുമെന്ന അറിയാവുന്ന കൂട്ടുകാരികളാണ് എഴുനേറ്റ് വേദിയിലേക്ക് ചെല്ലാന്‍ ആദ്യം നിര്‍ബന്ധിച്ചത്. അകലെ നിന്ന അധ്യാപകരും കയറിചെല്ലാന്‍ ആംഗ്യം കാട്ടി. അങ്ങനെയാണ് സഫ ഫെബിന്‍ എഴുനേറ്റ് വേദിയിലേക്ക് ചെന്നത്. ടെന്‍ഷന്‍ കൊണ്ട് കയ്യും കാലും വിറച്ചിരുന്നു അപ്പോഴവള്‍ക്ക്.

നിര്‍ത്തി... നിര്‍ത്തി രാഹുല്‍ സംസാരിച്ചതുകൊണ്ട് പരിഭാഷ തുടങ്ങിക്കഴിഞ്ഞപ്പോള്‍ ടെന്‍ഷനക്കെ പമ്പ കടന്നു. പ്രസംഗം കഴിഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് രാഹുല്‍ഗാന്ധിയുടെ വക ഷെയ്ക്ക് ഹാന്‍റ്, സ്നിക്കേഴ്സിന്‍റെ ചോക്ളൈറ്റും. ഉപ്പ നേരിട്ട് പരിഭാഷ കേട്ടിരുന്നു, നന്നായി മോളേയെന്ന് പറഞ്ഞു. ചടങ്ങ് കഴിഞ്ഞ് 2 മണിക്കൂറിന് ശേഷം സഫയെ ഞാന്‍ കണ്ടപ്പോഴും മകള്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ വിവരം ഉമ്മ അറിഞ്ഞിരുന്നില്ല. ഫോണില്‍ വിളിച്ചങ്കിലും സഫക്ക് ഉമ്മയെ കിട്ടിയില്ല

കരുവാരക്കുണ്ട് കിഴക്കേത്തല മുനീറില്‍ ഇസ്ലാം മദ്രസയിലെ അധ്യാപകന്‍ കുഞ്ഞുമൊയ്തീന്റെയും വീട്ടമ്മയായ സാറയുടെയും ഇളയ മകളാണ് സഫ.മൂന്ന് സഹോദരങ്ങള്‍ വിദേശത്താണ്. സഹോദരിയുടെ വിവാഹം കഴിഞ്ഞു.ഇത് വരെ പഠിച്ചത് സര്‍ക്കാര്‍ സ്കൂളില്‍ തന്നെ. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങി. എന്താകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് അതൊന്നും തീരുമാനിച്ചിട്ടല്ലെന്ന മറുപടി.

ഇനി വരുമ്പോളും രാഹുല്‍ ഗാന്ധിയെ കാണാന്‍ ചെല്ലും സഫ. മറ്റാരെങ്കിലും പരിഭാഷക്ക് വിളിച്ചാല്‍ പോകാന്‍ റെഡിയായി നില്‍ക്കുകയാണ് സഫ ഫെബിനെന്ന മിടുമിടുക്കി.