LiveTV

Live

Kerala

സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദം; വിശദമായ പരിശോധനയിലേക്ക് കടക്കാന്‍ ഗവര്‍ണര്‍

പൂനര്‍മൂല്യ നിര്‍ണയത്തിന് നിര്‍ദേശം നല്‍കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

സാങ്കേതിക സര്‍വകലാശാല പുനര്‍മൂല്യ നിര്‍ണയ വിവാദം; വിശദമായ പരിശോധനയിലേക്ക് കടക്കാന്‍ ഗവര്‍ണര്‍

സാങ്കേതിക സര്‍വകലാശാലയിലെ പുനര്‍മൂല്യ നിര്‍ണയ വിവാദത്തില്‍ വിശദമായ പരിശോധനയിലേക്ക് കടക്കാന്‍ ഗവര്‍ണര്‍. പരാതിക്കാരുടെ അടക്കം ഹിയറിങ് നടത്താന്‍ ഗവര്‍ണര്‍ തീരുമാനിച്ചു. പൂനര്‍മൂല്യ നിര്‍ണയത്തിന് നിര്‍ദേശം നല്‍കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അധികാരപരിധി മറികടന്ന് പ്രവർത്തിച്ചെന്ന് ഗവർണറുടെ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച ആധാരത്തിൽ വച്ച് ഒരു ബിടെക് വിദ്യാർത്ഥിയുടെ പരീക്ഷ പേപ്പർ മൂന്നാം തവണ പുനർമൂല്യനിർണയം നടത്താൻ മന്ത്രി നിർദേശം നൽകിയത് വിവാദമായിരുന്നു. പ്രതിപക്ഷ വിമർശനമുയർന്നെങ്കിലും സർവകലാശാലയും സർക്കാരും മന്ത്രിയെ ന്യായീകരിക്കുകയാണ് ചെയ്തത്. എന്നാൽ സർവകലാശാലയുടെ റിപ്പോർട്ട് തള്ളിക്കൊണ്ട് മന്ത്രി അധികാരപരിധി ലംഘിച്ചു എന്നാണ് ഗവർണറുടെ സെക്രട്ടറിയുടെ വിലയിരുത്തല്‍. പുനര്‍മൂല്യനിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ അദാലത്തിന് അധികാരില്ല. ഇതിനായി മന്ത്രി നിര്‍ദേശിച്ചതും വി.സി തീരുമാനം അംഗീകരിച്ചതും തെറ്റാണെന്നും ഗവര്‍ണറുടെ സെക്രട്ടറി റിപ്പോര്‍ട്ടില്‍ എഴുതി. റിപ്പോര്‍ട്ടിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ വിശദമായ പരിശോധന നടത്താനാണ് ഗവര്‍ണര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി പരാതിക്കാര്‍, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ഹിയറിങ്ങിന് വിളിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. അവ കൂടി പരിഗണിച്ച ശേഷമാകും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.