സാമ്പത്തിക തിരിമറിയും കബളിപ്പിക്കലും: റൈഫിള്‍ അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ കേസ്
മിനുട്സില്‍ കൃത്രിമം കാണിച്ച് ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന്റെ അക്കൌണ്ടില്‍ നിന്ന് പണം തട്ടിയെന്ന പരാതിയില്‍ സംസ്ഥാന റൈഫിള്‍ അസോസിയേഷന് സെക്രട്ടറി ഉള്‍പ്പെടെ നാല് പേർക്ക് എതിരെ പൊലീസ് കേസ്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിർദേശ പ്രകാരം മുട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന റൈഫിള്‍ അസോസിയേഷന് സെക്രട്ടറി വി.സി ജയിംസ്, വൈസ് പ്രസിഡന്റ് കെ.കെ തോമസ്, ട്രഷറർ കെ.എം ജോയി, ജോയിന്റ് സെക്രട്ടറി ജോസഫ് അഗസ്റ്റിന് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇടുക്കി ജില്ലാ റൈഫിള്‍ അസോസിയേഷന് മുന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോസ് ജോസഫാണ് പരാതിക്കാരന്. അംഗത്വ ഫീസ് കുറച്ച് കാട്ടി മിനുട്സില്‍ രേഖപ്പെടുത്തി, അംഗങ്ങളെ കബളിപ്പിച്ച് പണം തിരിമറി നടത്തി, കലക്ടർ പങ്കെടുത്ത യോഗത്തിന്റെ മിനുട്സ് തിരുത്തി, കമ്മിറ്റിയില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ പേര് നിയമവിരുദ്ധമായി എഴുതി ചേർത്തു എന്നുള്ള പരാതികള്‍ക്ക് പുറമെ റൈഫിള്‍ അസോസിയേഷന്റെ വരവ് ചിലവ് കണക്കിലും തിരിമറി നടത്തിയെന്നും പരാതിക്കാരന് ഉന്നയിച്ചിട്ടുണ്ട്.
പൊതു ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അസോസിയേഷനിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് ജില്ലാ റൈഫിള്‍ അസോസിയേഷന്.