LiveTV

Live

Kerala

കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി ഏറ്റെടുത്ത ഭൂമി സംസ്ഥാന സര്‍ക്കാരിന് തിരികെ ലഭിക്കുന്ന കാര്യത്തില്‍ അവ്യക്തത

50 കോടി രൂപയിലധികം മുടക്കി പ്രദേശത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളും വൃഥാവിലായി.

കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി ഏറ്റെടുത്ത ഭൂമി സംസ്ഥാന സര്‍ക്കാരിന് തിരികെ ലഭിക്കുന്ന കാര്യത്തില്‍ അവ്യക്തത

കണ്ണൂര്‍ ഇരിണാവിലെ നിര്‍ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനായി ഏറ്റെടുത്ത ഭൂമി സംസ്ഥാന സര്‍ക്കാരിന് തിരികെ ലഭിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. 19.85 കോടി രൂപക്ക് 90 വര്‍ഷത്തേക്കാണ് പാട്ടവ്യവസ്ഥയില്‍ കിന്‍ഫ്ര ഈ ഭൂമി കോസ്റ്റ് ഗാര്‍ഡിന് കൈമാറിയത്. 50 കോടി രൂപയിലധികം മുടക്കി പ്രദേശത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളും വൃഥാവിലായി.

കര്‍ഷകര്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് അന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയത്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പവര്‍ പ്രൊജക്ട് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. അതോടെ ഭൂമിയുടെ ഉടമസ്ഥത കിന്‍ഫ്രയുടെ കൈവശമായി. പിന്നീട് 2010ല്‍ നോയിഡ ആസ്ഥാനമായുളള ജയ്പ്രകാശ് പവര്‍വെന്‍ച്വര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കല്‍ക്കരി അധിഷ്ഠിതമായ താപ വൈദ്യുത പദ്ധതിയും സിമന്‍റ് പ്ലാന്‍റും നിര്‍മ്മിക്കുന്നതിനായി കിന്‍ഫ്ര വീണ്ടും ഭൂമി പാട്ടത്തിന് നല്‍കി. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അതും ഉപേക്ഷിക്കപ്പെട്ടു.

2011ലാണ് 19.85 കോടി രൂപക്ക് 90 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ ഈ ഭൂമി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി കൈമാറുന്നത്. ആ വര്‍ഷം തന്നെ തറക്കല്ലിടലും നടന്നു. എന്നാല്‍ 25 വര്‍ഷം മുന്‍പ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാര്‍ഉന്നയിച്ച അതേ കാരണം പറഞ്ഞാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ഈ ഭൂമി സംസ്ഥാന സര്‍ക്കാരിന് തിരിച്ച് കിട്ടുമോ എന്നതാണ് ഇനി പ്രധാന കാര്യം.