LiveTV

Live

Kerala

കുട്ടികള്‍ മണ്ണുവാരിത്തിന്നിട്ടില്ല, ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്‍റെ ക്രൂരത മൂലമെന്ന് അമ്മ

പട്ടിണിയുണ്ടായിരുന്നില്ല. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മര്‍ദിക്കുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും അമ്മ

കുട്ടികള്‍ മണ്ണുവാരിത്തിന്നിട്ടില്ല, ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അച്ഛന്‍റെ ക്രൂരത മൂലമെന്ന് അമ്മ

വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് തിരുവനന്തപുരം കൈതമുക്കിലെ കുട്ടികളുടെ അമ്മ മീഡിയവണിനോട്. മണ്ണില്‍ കളിച്ചപ്പോള്‍ അബദ്ധവശാല്‍ മണ്ണ് വായില്‍ പോയതായിരിക്കാം. അച്ഛന്റെ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

പട്ടിണിയുണ്ടായിരുന്നില്ല. ആവശ്യത്തിന് ഭക്ഷണം കഴിക്കാന്‍ കിട്ടാറുണ്ട്. കുട്ടികള്‍ ഉച്ചയ്ക്കും ഭക്ഷണം കഴിച്ചിരുന്നു. പുറമ്പോക്കിലാണ് താമസിക്കുന്നത് എന്നതാണ് പ്രശ്നം. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമായിരുന്നു. അതില്‍ നിന്ന് മക്കളെ താത്കാലികമായി മാറ്റിനിര്‍ത്താനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ഇപ്പോള്‍ താത്കാലികമായി ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു.

അച്ഛന്‍ മര്‍ദിക്കാറുണ്ടായിരുന്നെന്ന് കുട്ടികള്‍

അച്ഛന്‍ ഗുരുതരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന് തിരുവനന്തപുരം കൈതമുക്ക് കോളനിയിലെ കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കി. അച്ഛനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സി.ഡബ്ല്യു.സി ശിപാര്‍ശ നല്‍കി. കൈതമുക്ക് കോളനി നാളെ ദേശീയ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും.

തങ്ങളെയും അമ്മയെയും അച്ഛൻ സ്ഥിരമായി മർദ്ദിക്കുറാണ്ടായിരുന്നെന്നാണ് കുട്ടികൾ ശിശുക്ഷേമ സമിതിക്ക് നൽകിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ കുഞ്ഞുമോനെതിരെ ക്രിമിനൽ കേസെടുക്കാൻ ഡി.ജി.പിക്കും സർക്കാറിനും ശിശുക്ഷേമ സമിതി ശിപാർശ നൽകി. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കുട്ടികളെ സ്കൂളിലയക്കുന്ന കാര്യത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി അധികൃതർ അറിയിച്ചു.

കൈതമുക്ക് കോളനി നാളെ ദേശീയ ബാലവകാശ കമ്മീഷൻ സന്ദർശിക്കും. അതേസമയം സംസ്ഥാനത്ത് പട്ടിണിയില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.